◾ഗാസയെ വിഭജിച്ച ഇസ്രയേല്‍ സൈന്യം വടക്കന്‍ ഗാസ പടിച്ചെടുത്തു. ഗാസയിലെ ഇസ്രയേല്‍- ഹമാസ് പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. വടക്കന്‍ ഗാസയിലുള്ളവര്‍ മൂന്നു മണിക്കൂറിനകം തെക്കന്‍ ഗാസയിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തു. ഭയംമൂലം ജനം പുറത്തിറങ്ങാതെ ബങ്കറുകളിലും ഭൂഗര്‍ഭ അറകളിലുമാണു കഴിയുന്നത്. ഗാസ നഗരത്തെ വളഞ്ഞ ഇസ്രയേല്‍ സൈന്യം വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.
◾ഗവര്‍ണര്‍ ജനപ്രതിനിധിയല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചെങ്കിലും ഭരണഘടനാ പരിരക്ഷയുള്ള ഗവര്‍ണറെ എതിര്‍കക്ഷിയാക്കിയത് എന്തിനെന്നു കോടതി രജിസ്ട്രി. ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാത്തതിനാലാണു ഗവര്‍ണറെ എതിര്‍കക്ഷിയാക്കിയതെന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം കോടതി അംഗീകരിച്ചു.
◾പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു. സര്‍ക്കാരിനു നേട്ടമുണ്ടാകണമെങ്കില്‍ 2040 വരെ കാത്തിരിക്കണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പെന്‍ഷന്‍ വിഹിതം ശമ്പളത്തിന്റെ പത്തു ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കണമെന്നും ക്ഷാമബത്ത 14 ശതമാനമായി വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് ഹര്‍ജിക്കാരനായ ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറി എസ്. സജീവിനു സര്‍ക്കാര്‍ പ്രതിനിധി റിപ്പോര്‍ട്ടു കൈമാറിയത്.
◾തിരുവനന്തപുരത്ത് കെഎസ്യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തെരുവുയുദ്ധം. ഒരു വിദ്യാര്‍ത്ഥിനിയുടെ മൂക്ക് പോലീസുകാരന്‍ ഇടിച്ചു തകര്‍ത്തു. പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജു നടത്തുകയും ചെയ്തു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയായി. ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടു മന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ചു നടത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായ വിദ്യഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം ചെയ്തു.
◾തലസ്ഥാനത്ത് ഒരു പെണ്‍കുട്ടിയുടെ മൂക്ക് ഇടിച്ചു തകര്‍ത്ത പോലീസുകാരനു മക്കളില്ലേയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പെണ്‍കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. പോലീസുകാരനെതിരേ നടപടിവേണം. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾വാഹനങ്ങള്‍ക്കു പിഴ കുടിശികയുണ്ടെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനമെടുത്തത്.
◾ചക്രവാതച്ചുഴിമൂലം കേരളത്തില്‍ മഴ വീണ്ടും ശക്തമാകും. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തെക്കു കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നാളെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും.
◾അസമയത്തെ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പരിഗണനാ വിഷയത്തിനപ്പുറമുള്ള കാര്യങ്ങളാണ് സിംഗിള്‍ ബെഞ്ച് പരിശോധിച്ചതെന്നും അസമയം വ്യക്തമല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.
◾പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്നു പാണക്കാട്ടെത്തി മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും കാണും. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് - മുസ്ലിം ലീഗ് ബന്ധം ഉലഞ്ഞിരിക്കേയാണ് സന്ദര്‍ശനവും കൂടിക്കാഴ്ചയും.
◾മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്തിയതിന് ആര്യാടന്‍ ഷൗക്കത്തിനെതിരേ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതി നാളെ ചേരുമെന്ന് സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മലപ്പുറത്തെ കൂടുതല്‍ നേതാക്കളെ കേള്‍ക്കും. ആര്യാടന്‍ ഷൗക്കത്ത് സമിതിക്ക് കത്തു തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾കുന്ദമംഗലം കോളജില്‍ വോട്ടെണ്ണുന്നതിനിടെ ബാലറ്റ് പേപ്പര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനാല്‍ തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ്- കെഎസ് യു പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇംഗ്ലീഷ്, പിജി മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ റീ പോളിംഗിനു നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
◾കൂറുമാറ്റം ജനാധിപത്യത്തിന്റെ ശാപമാണെന്ന് കേരളാ ഹൈക്കോടതി. ഇത്തരക്കാര്‍ക്ക് കടുത്ത സാമ്പത്തിക പിഴ കൂടി ചുമത്തേണ്ട കാര്യം ആലോചിക്കണം. കൂറുമാറിയ തൊടുപുഴ നഗരസഭാംഗത്തെ അയോഗ്യനാക്കിയുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം.
◾വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കലാപത്തിനു ശ്രമിച്ചെന്നു പോലീസ് കേസെടുത്ത കൊടി സുനിയെ ജയില്‍ ജീവനക്കാര്‍ മര്‍ദിച്ചെന്ന് കൊടിസുനിയുടെ വീട്ടുകാര്‍ പരാതി നല്‍കി. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിച്ചെന്നാണ് പരാതി.
◾പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഫോട്ടോ ഉപയോഗിച്ച് ഡിവൈഎസ്പിയോടു പണം ആവശ്യപ്പെട്ടും ഓണ്‍ലൈന്‍ തട്ടിപ്പു ശ്രമം. എസ്പി വി. അജിത്തിന്റെ പേരില്‍ വ്യാജ വാട്സ് അപ് അക്കൗണ്ട് രൂപീകരിച്ചാണ് ഡിവൈഎസ്പി നന്ദകുമാര്‍ അടക്കം പോലീസിലെത്തെന്നെ പലരോടും പണം ആവശ്യപ്പെട്ടത്. പ്രതിയെ പോലീസ് തിരഞ്ഞുവരികയാണ്.
◾പ്രമുഖ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനുമായ ജോയ് ആലുക്കായുടെ ജീവിതവിജയം അനാവരണം ചെയ്യുന്ന 'സ്പ്രെഡിംഗ് ജോയ്- ഹൗ ജോയ് ആലുക്കാസ് ബികം ദ വേള്‍ഡ്സ് ഫേവറിറ്റ് ജ്വല്ലര്‍' എന്ന ആത്മകഥ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിതമായി. ആദ്യ കോപ്പി ജോയ് ആലുക്ക ആഗോള ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് താരവുമായ കജോളിനു കൈമാറി. ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി, ഹാപര്‍ കോളിന്‍സ് സിഇഒ അനന്ത പത്മനാഭന്‍, ജോളി ജോയ് ആലുക്ക തുടങ്ങിയവര്‍ പങ്കെടുത്തു.
◾തൃശൂര്‍ കൈപമംഗലത്ത് 11 കെ വി ലൈനില്‍നിന്നു ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. കയ്പമംഗലം സെക്ഷനിലെ ജീവനക്കാരന്‍ അഴീക്കോട് പേബസാര്‍ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കല്‍ പള്ളിക്കടുത്ത് ഏരിയല്‍ ട്രോളി വാഹനത്തില്‍ കയറി 11 കെ.വി ലൈനിലെ ഇന്‍സുലേറ്റര്‍ മാറ്റുമ്പോഴാണ് ഷോക്കേറ്റത്.
◾കോഴിക്കോട് മൂലാട് പുല്ല് പറിക്കാന്‍ പോയ വയോധിക പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റു മരിച്ചു. കോട്ടൂര്‍ മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി (64) ആണ് മരിച്ചത്.
◾പിറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന്‍ മരിച്ചു. ആനക്കര ഉമ്മത്തൂര്‍ നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടില്‍ മുബാറക്ക് - ആരിഫ ദമ്പതികളുടെ മകന്‍ മുഹമ്മദ് മുസമില്‍ ആണ് മരിച്ചത്. വീടിന്റെ തൊട്ടുമുന്‍വശത്തെ മൈതാനത്ത് വിറകു കീറാന്‍ കൊണ്ടുവന്ന യന്ത്രം കാണാനെത്തിയതായിരുന്നു മുസമില്‍.
◾ബസില്‍ യാത്ര ചെയ്യുന്നതിനിടെ ആണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്. വേലായുധന്‍ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.
◾ഡല്‍ഹി ഗ്യാസ് ചേംബറായി. വായു മലിനീകരണം അസഹ്യമായതോടെ ഈയാഴ്ച 10, 12 ക്ലാസുകള്‍ ഒഴികെയുള്ള എല്ലാ സ്‌കൂളുകളും അടച്ചിടും. ദീപാവലിക്കു ശേഷം 13 മുതല്‍ 20 വരെ ഒറ്റ- ഇരട്ട വാഹന നിയന്ത്രണം നടപ്പാക്കും. പ്രൈമറി ക്ളാസുകള്‍ക്കു നേരത്തെ വെളളിയാഴ്ച്ച വരെ അവധി പ്രഖ്യാപിച്ചിരുന്നു. ബിഎസ് 3 പെട്രോള്‍ വാഹനങ്ങള്‍ക്കും ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കുമുളള നിയന്ത്രണം തുടരും.
◾തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിക്കെതിരായ അഴിമതികേസിലെ പുന:പരിശോധനയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. പൊന്‍മുടിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണകോടതി വെറുതെ വിട്ട കേസില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതായിരുന്നു. മന്ത്രിക്കു ഹൈക്കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യവുമായി സിപിഐ. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൊത്തഗുഡം മണ്ഡലം സിപിഐക്കു നല്‍കി. സീറ്റ് ധാരണയിലെത്താത്തതിനാല്‍ സിപിഎം ഒറ്റയ്ക്കാണു മല്‍സരിക്കുന്നത്.
◾കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്കുള്ള 'ഭാരത് ആട്ട' പുറത്തിറക്കി. കിലോയ്ക്ക് ഇരുപത്തേഴര രൂപയാണു വില. ഡല്‍ഹിയില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ 'ഭാരത് ആട്ട' വിതരണം ചെയ്യുന്നത്. സഞ്ചരിക്കുന്ന നൂറ് ആട്ട വില്‍പനശാലകള്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു.
◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, മഹാദേവ് ബെറ്റിംഗ് ആപ് അഴിമതി ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെക്കൊണ്ട് സര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍. തന്റേയും പാര്‍ട്ടിയുടേയും പ്രതിച്ഛായ തകര്‍ക്കാനാണ് കള്ളപ്രചാരണമെന്ന് അദ്ദേഹം പറഞ്ഞു.
◾നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. മൂന്നു ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് നേപ്പാളില്‍ ഭൂചലനം. കാഠ്മണ്ടുവില്‍നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ജജര്‍കോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കക്ക് ബംഗ്ലാദേശിനെതിരെ 3 വിക്കറ്റിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 279 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 41.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റ് വീതം മാത്രമുള്ള ഇരുവരും നേരത്തെ തന്നെ സെമി കാണാതെ പുറത്തായതാണ്.
◾അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെ മറ്റ് പദ്ധതികള്‍ക്ക് പണം കണ്ടെത്താനായി അദാനി വില്‍മറിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാന്‍ അദാനി ഗ്രൂപ്പിന്റെ നീക്കം. അദാനി വില്‍മറില്‍ അദാനി ഗ്രൂപ്പിന് 43.97 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇത് മുഴുവന്‍ വിറ്റൊഴിയാന്‍ ആഗോള കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികളുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. ഈ ഓഹരി വില്‍പ്പനയിലൂടെ 250-300 കോടി ഡോളറാണ് (20,800 - 24,960 കോടി രൂപ) പ്രതീക്ഷിക്കുന്നതെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഫോര്‍ച്യൂണ്‍ ബ്രാന്‍ഡായ ഭക്ഷ്യ എണ്ണ ഉത്പാദകരായ അദാനി വില്‍മര്‍ ഗ്രൂപ്പും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മര്‍ ഇന്റര്‍നാഷണലുമായി ചേര്‍ന്ന് 1999 ജനുവരിയിലാണ് അദാനി വില്‍മര്‍ സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്. 43.87 ശതമാനമാണ് കമ്പനിയില്‍ വില്‍മറിന്റെ ഓഹരി പങ്കാളിത്തം. അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഭക്ഷ്യ എണ്ണ ബ്രാന്‍ഡില്‍ നിന്ന് പുറത്തുകടക്കാന്‍ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. അദാനി വില്‍മറിന് ഇന്ത്യയില്‍ 10 സംസ്ഥാനങ്ങളിലായി 23 പ്ലാന്റുകളുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 131 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ വാര്‍ഷിക വരുമാനം 13.3% ഇടിഞ്ഞ് 12,267.15 രൂപയായി. നിലവില്‍ 41,000 കോടി രൂപയാണ് അദാനി വില്‍മറിന്റെ വിപണിമൂല്യം. 43.97 ശതമാനം ഓഹരി പങ്കാളിത്തം പൂര്‍ണമായി വിറ്റൊഴിയുന്നതിലൂടെ 250-300 കോടി ഡോളര്‍ സമാഹരിക്കാമെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. ഓഹരിക്ക് നിലവിലെ വിലയേക്കാള്‍ 15 മുതല്‍ 38 ശതമാനം വരെ അധികവില നേടാനാകുമെന്നും അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
◾ഗംഭീര ആക്ഷന്‍ രംഗങ്ങളുമായി കമല്‍ ഹാസന്‍-മണിരത്‌നം ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ. 'തഗ് ലൈഫ്' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. കമല്‍ ഹാസന്റെ ആക്ഷന്‍ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 'ഏന്‍ പേര് രംഗരായ ശക്തിവേല്‍ നായകന്‍' എന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കമല്‍ ഹാസന്റെ 234-ാം ചിത്രമായി ഒരുങ്ങുന്ന തഗ് ലൈഫില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി, തൃഷ, അഭിരാമി, നാസര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ കമല്‍ഹാസന്‍, മണിരത്‌നം, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
◾യുവരാജ് ദയാളന്റെ സംവിധാനത്തില്‍ എത്തിയ തമിഴ് റൊമാന്റിക് ഡ്രാമ ചിത്രം 'ഇരുഗപട്രു' ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഒക്ടോബര്‍ 6 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വിക്രം പ്രഭു, ശ്രദ്ധ ശഅരീനാഥ്, വിദാര്‍ഥ്, ശ്രീ, അപര്‍ണതി, മനോബാല എന്നിവര്‍ക്കൊപ്പം സാനിയ ഇയ്യപ്പനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. പ്രവര്‍ത്തനത്തില്‍ തന്റേതായ രീതികളുള്ള ഒരു മാര്യേജ് കൌണ്‍സിലര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പ്രശ്നങ്ങളില്ലാതെ പൊയ്ക്കൊണ്ടിരുന്ന ഇവരുടെ തന്നെ ജീവിതം തന്നെ സങ്കീര്‍ണ്ണമാവുകയാണ്. പ്രശ്നങ്ങള്‍ അവര്‍ എങ്ങനെ പരിഹരിക്കുന്നുവെന്നും സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് എങ്ങനെ തിരിച്ചെത്തുന്നുവെന്നതുമാണ് ചിത്രത്തിന്റെ പ്ലോട്ട്. മറ്റ് രണ്ട് ദമ്പതികള്‍ക്കിടയിലെ ഉയര്‍ച്ചതാഴ്ചകളും കഥപറച്ചിലിനിടെ പ്രാധാന്യത്തോടെ വരുന്നുണ്ട്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴിനൊപ്പം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും കാണാനാവും.
◾മഹീന്ദ്ര ഥാര്‍ ചെന്നൈ കടപ്പുറത്തുകൂടി പായിച്ച് നടി കീര്‍ത്തി സുരേഷ്. ഓഫ് റോഡിങ്, നമ്മ ചെന്നൈ എന്ന അടിക്കുറിപ്പോടു കൂടി ഥാര്‍ ഓടിക്കുന്നതിന്റെ വിഡിയോ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കടപ്പുറത്ത് കീര്‍ത്തി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ വൈറലാണ്. കേരള റജിസ്ട്രേഷനിലുള്ള മഹീന്ദ്ര ഥാറിനാണ് കീര്‍ത്തിയുടെ അഭ്യാസം. ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ വളരെ അനായാസമാണ് കീര്‍ത്തി കൈകാര്യം ചെയ്യുന്നത്. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന മോഡലാണ് ഡ്രൈവ് ചെയ്യുന്നത്. 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 5.4 ദശലക്ഷം ആളുകളാണ് കീര്‍ത്തിയുടെ വിഡിയോ ഇതുവരെ കണ്ടത്. വാഹനം ഓടിക്കുന്നത് ഏറെ ഇഷ്ടമാണെന്നും മാനസിക പിരിമുറുക്കങ്ങളുണ്ടാകുമ്പോള്‍ ഡ്രൈവിന് പോകാറുണ്ടെന്നും കീര്‍ത്തി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടി ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കിയിരുന്നു.
◾മലയാളത്തിലെ ഉത്തരാധുനികതയുടെ രണ്ടാം തരംഗത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു കഥാഖ്യാനരീതിയാണ് അജിത്തിന്റേത്. മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട സാമാന്യ മനുഷ്യരുടെ നിത്യജീവിതമാണ് അജിത്തിന്റെ കഥകളുടെ ആഖ്യാനമണ്ഡലം. ആക്ഷേപഹാസ്യവും ഫലിതവും വിരുദ്ധോക്തിയും വിലക്ഷണീകരണവും സമൃദ്ധമായി ഉപയോഗിക്കുന്ന പെണ്‍ഘടികാരത്തിലെ കഥകള്‍ പരിഹാസത്തിന്റെ പുറന്തോടിനുള്ളില്‍ നിത്യജീവിതത്തിന്റെ വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ആന്തരലോകത്തേക്ക് ദാര്‍ശനികമോ പ്രത്യയശാസ്ത്രപരമോ ആയ ചിന്താഭാരങ്ങളൊന്നും നടിക്കാതെ സ്വതന്ത്രമായി നടന്നുകയറുന്നു. 'പെണ്‍ഘടികാരം'. വി എസ് അജിത്ത്. ഡിസി ബുക്സ്. വില 161 രൂപ.
◾മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം പുരുഷന്മാരിലെ ബീജകോശങ്ങളുടെ അളവിനെയും എണ്ണത്തെയും ബാധിക്കാമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ദിവസം 20 തവണയിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക്, അപൂര്‍വമായി മൊബൈല്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ബീജത്തിന്റെ അളവില്‍ 21 ശതമാനവും എണ്ണത്തില്‍ 22 ശതമാനവും കുറവ് ഉണ്ടാകാമെന്ന് ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഒരു മില്ലിലീറ്റര്‍ ശുക്ലത്തിലുള്ള ബീജകോശങ്ങളുടെ എണ്ണത്തെയാണ് സ്‌പേം കോണ്‍സണ്‍ട്രേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സ്ഖലനത്തില്‍ പുറത്ത് വരുന്ന ശുക്ലത്തിലെ ആകെ ബീജകോശങ്ങളുടെ എണ്ണമാണ് ടോട്ടല്‍ സ്‌പേം കൗണ്ട്. ഇവ രണ്ടും അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ട് കുറയാമെന്ന് ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 85.7 ശതമാനവും ഫോണ്‍ ഉപയോഗിക്കാത്തപ്പോള്‍ അവ തങ്ങളുടെ പാന്റിന്റെ പോക്കറ്റിലാണ് സൂക്ഷിക്കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മൊബൈല്‍ ഫോണുകളിലെ റേഡിയോഫ്രീക്വന്‍സി ഇലക്ട്രോമാഗ്നറ്റിക് ഫീല്‍ഡുകള്‍ ബീജത്തെ സ്വാധീനിക്കുന്നുണ്ടാകാമെന്ന് പഠനം സൂചന നല്‍കുന്നു. എന്നാല്‍ നിരീക്ഷണ പഠനം മാത്രമായതിനാല്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ നിരത്തുന്നില്ല. 2866 പുരുഷന്മാരില്‍ 2005 നും 2018 നും ഇടയിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന ഫോണ്‍ ഉപയോഗവും കുറഞ്ഞ ബീജകോശങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം പഠനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രകടമായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. 2ജിയില്‍ നിന്ന് 3ജിയിലേക്കും പിന്നീട് 4ജിയിലേക്കും മൊബൈല്‍ സാങ്കേതിക വിദ്യ മാറിയതോടു കൂടി ഫോണിന്റെ ഔട്ട്പുട്ട് പവറില്‍ വന്ന കുറവാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ പറമ്പില്‍ സ്വര്‍ണ്ണനിക്ഷേപമുണ്ടെന്നറിഞ്ഞ അയാള്‍ കുഴിയെടുക്കാന്‍ തുടങ്ങി. അങ്ങനെ ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. സ്വര്‍ണ്ണം കണ്ടെത്താനായില്ല. നിരാശനായ അയാള്‍ ആ പറമ്പ് മറ്റൊരാള്‍ക്ക് വിറ്റു. സ്ഥലത്തിന്റെ പുതിയ ഉടമ അവിടം വീണ്ടും കുഴിക്കാന്‍ തീരുമാനിച്ചു. അയാള്‍ ഒരു പര്യവേഷവിദഗ്ധനെ വിളിച്ച് സ്ഥലം പരിശോധിപ്പിച്ചു. പരിശോധനക്ക് ശേഷം ഒരു മൂന്നുമീറ്റര്‍ കൂടി കുഴിക്കാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതു സത്യമായി കൃത്യം മൂന്ന് മീറ്റര്‍ കുഴിച്ചപ്പോള്‍ സ്വര്‍ണ്ണം ലഭിച്ചു. അവസാനം എവിടെയാണെന്നോ എപ്പോഴാണെന്നോ അറിഞ്ഞ് എല്ലായാത്രകളും തുടങ്ങാനാകില്ല. എല്ലാ ലക്ഷ്യങ്ങളിലേക്കും ഗൂഗിള്‍ മാപ്പ് ലഭ്യവുമല്ല. അപഗ്രഥനവും ആത്മവിശ്വാസവുമാണ് ഏക ആശ്രയം. ലക്ഷ്യം അറിയുന്ന യാത്രയ്ക്ക് കൃത്യം ദൂരം അറിയാനാകും, വേണ്ട മുന്‍കരുതലുകള്‍ എടുക്കാനാകും എന്നാല്‍ ലക്ഷ്യസ്ഥാനം ഉറപ്പില്ലെങ്കില്‍ പ്രതീക്ഷയെ മുറുകെപിടിക്കുകയേ നിവൃത്തിയുളളൂ. ഒരു പടികൂടി മുന്നോട്ട് നീങ്ങാനുളള ആര്‍ജ്ജവമുണ്ടെങ്കില്‍ , ഒരു ശ്രമം കൂടി നടത്താനുളള ക്ഷമയുണ്ടെങ്കില്‍ അല്‍പനേരം കൂടി തുടരാനുളള ഊര്‍ജ്ജമുണ്ടെങ്കില്‍ എന്തിനുവേണ്ടി തുടങ്ങി എന്നതിനെക്കുറിച്ച് ഉറപ്പുണ്ടെങ്കില്‍ ഒരുദ്യമവും പാഴാകില്ല. പാതിവഴിയില്‍ തളരാതെ നമുക്ക് മുന്നോട്ട് നീങ്ങാം - ശുഭദിനം.