_*പ്രഭാത വാർത്തകൾ*_```2023 | നവംബർ 4 | ശനി |

◾ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് ജില്ല കലക്ടര്‍മാര്‍ പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

◾വൈദ്യുതി നിരക്ക് കൂട്ടിയതിനൊപ്പം ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്ന സബ്സിഡി സര്‍ക്കാര്‍ നിറുത്തലാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 85 പൈസയായിരുന്നു ശരാശരി സബ്സിഡി. ആദ്യത്തെ 40 യൂണിറ്റിന് 35 പൈസയും 41 മുതല്‍ 120 വരെ യൂണിറ്റിന് 50 പൈസയുമായിരുന്നു സബ്സിഡി.

◾സംസ്ഥാനത്തെ റസിഡന്റ് ഡോക്ടര്‍മാരായ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ബുധനാഴ്ച പണിമുടക്കും. അത്യാഹിത വിഭാഗവും ബഹിഷ്‌കരിക്കും. സ്റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

◾കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ. എസ്.യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി വിച്ഛേദിച്ച് അട്ടിമറി നടത്തിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

◾ശബരിമല ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിന്‍ അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. ഏലക്കയില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി ജനുവരിയില്‍ കേരളാ ഹൈക്കോടതി വില്‍പന തടഞ്ഞ അരവണയാണു നശിപ്പിക്കുന്നത്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം.

◾ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എതിര്‍ കക്ഷി പി എന്‍ മഹേഷിന് നോട്ടീസ് അയച്ചു. നറുക്കെടുപ്പില്‍ രണ്ടു പേപ്പറുകള്‍ ചുരുട്ടിയിടാതെ മടക്കിയിട്ടെന്നു ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.

◾ദീപാവലിയോടനുബന്ധിച്ച് ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും അധിക അന്തര്‍സംസ്ഥാന സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി. നവംബര്‍ എട്ടു മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ്.

◾വെള്ളക്കരം കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കരം അഞ്ചു ശതമാനം കൂട്ടണമെന്നു കേന്ദ്ര നിര്‍ദ്ദേശമുണ്ട്. പക്ഷേ നിരക്കു വര്‍ധിപ്പിക്കേണ്ടെന്നാണ് കേരളത്തിന്റെ നിലപാട്. മന്ത്രി പറഞ്ഞു.

◾ജയില്‍ ഉദ്യോഗസ്ഥര്‍ പ്രതികളെ മര്‍ദിക്കരുതെന്ന് ഹൈക്കോടതി. അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകളെന്നും കോടതി. വിയ്യൂര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാരോപിച്ച് രണ്ടു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

◾കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം. ഇതിന് മൂന്നു തവണ ദേശീയ പുരസ്‌കാരം ലഭിച്ചു. കാസ്പ് പദ്ധതി, കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി, സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മെഡിസെപ് എന്നിവ നടപ്പിലാക്കി. കേരളീയത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 'പൊതുജനാരോഗ്യം' സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

◾മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ജനവിരുദ്ധമായ സിപിഎമ്മിനെ വെള്ളപൂശാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനക്കെതിരായ പട്ടി പരാമര്‍ശത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾കോണ്‍ഗ്രസ് സമ്മേളനത്തിനിടെ ഇറങ്ങിപ്പോകുന്ന പ്രവര്‍ത്തകരോട് കുറച്ചു നേരമെങ്കിലും സദസിലിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോട്ടയത്തെ പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് സുധാകരന്റെ അഭ്യര്‍ത്ഥന. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനുശേഷം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകാന്‍ തുടങ്ങിയതോടെയാണ് സുധാകരന്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചത്.

◾കെപിസിസിയുടെ വിലക്കും മഴയും കൂസാതെ മലപ്പുറത്തു ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ആര്യാടന്‍ ഫൗണ്ടേഷന്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസിന് ആയിരങ്ങളെത്തി. കെപിസിസി വിലക്കിയതുമൂലം പരിപാടിയില്‍നിന്ന് നേതാക്കള്‍ പിന്മാറി. ഫൗണ്ടേഷന്റെ പരിപാടിയില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

◾സര്‍ക്കാര്‍ സര്‍വീസില്‍ സൂപ്പര്‍ന്യൂമററിയായി പുനര്‍ നിയമനം ലഭിച്ച ഭിന്നശേഷി ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. 1999 ഓഗസ്റ്റ് 16 മുതല്‍ 2023 ഡിസംബര്‍ 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നിയമിച്ച് 2013 ല്‍ സൂപ്പര്‍ന്യൂമററിയായി പുനര്‍ നിയമനം നല്‍കിയ ഭിന്നശേഷിക്കാരുടെ കാര്യത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.

◾കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥ പരിഹരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഎംഓയോടും ആശുപത്രി സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു.

◾പട്ടാമ്പി കൊലക്കേസില്‍ പൊലീസ് തെരയുന്നയാളുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. കൊണ്ടൂര്‍ക്കര സ്വദേശി കബീറിനെ കഴുത്തറുത്തു കൊന്ന നിലയിലാണു മൃതദേഹം. പട്ടാമ്പി കരിമ്പനക്കടവില്‍ അന്‍സാര്‍ എന്ന യുവാവിനെ വെട്ടിക്കൊന്ന കേസില്‍ സുഹൃത്തായ മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കബീറിനായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

◾സിപിഎമ്മില്‍ എ.പി.വര്‍ക്കിയെ ഉപയോഗിച്ച് പാര്‍ട്ടിക്കകത്ത് വിഭാഗീയത തുടങ്ങിവച്ചത് വി.എസ് അച്യുതാനന്ദനാണെന്ന് എംഎം ലോറന്‍സിന്റെ ആത്മകഥ. 'ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍' എന്ന ആത്മകഥയിലാണ് എംഎം ലോറന്‍സ് ഇക്കാര്യങ്ങള്‍ തുറന്നടിക്കുന്നത്. തിരുവനന്തപുരത്ത് വിശ്രമത്തിലായിരുന്ന ഇ.എം.എസ് എന്നും എ.കെ.ജി സെന്ററില്‍ എത്തിയിരുന്നത് വി.എസ്. അച്യുതാനന്ദനെ അസ്വസ്ഥനാക്കിയിരുന്നെന്നും ആത്മകഥയില്‍ പറയുന്നു.

◾ഇടുക്കിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 98 ദിവസം ജയിലില്‍ കിടന്ന ആദിവാസി യുവാവ് ഡി എന്‍ എ ഫലം വന്നതോടെ നിരപരാധിയെന്ന് തെളിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാല്‍ ഇ എം വിനീതിനെയാണ് നിരപരാധിയെന്നു കണ്ടെത്തിയത്. അയല്‍വാസിയായ ശ്രീധരന്‍ എന്നയാളാണ് യഥാര്‍ഥ കുറ്റവാളിയെന്നു പോലീസ്.

◾ജാതി സെന്‍സസിനോട് എതിര്‍പ്പില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ബിജെപി സ്വീകരിക്കും. ജാതിയുടെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും അമിത് ഷാ ഛത്തീസ്ഗഡില്‍ പറഞ്ഞു.

◾നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന് എന്‍ഫോഴ്സ്മെന്റിന്റെ കുരുക്ക്. വാതുവയ്പ് ആപ് ഉടമകള്‍ 508 കോടി രൂപ മുഖ്യമന്ത്രിക്കു നല്‍കിയെന്ന് എന്‍ഫോഴ്സ്മെന്റ് ആരോപിച്ചു. യുഎഇയില്‍ നിന്നുള്ള മഹാദേവ് വാതുവയ്പ് ആപ്പ് പ്രൊമോട്ടര്‍മാരാണു പണം നല്‍കിയത്. ഛത്തീസ്ഗഡില്‍ നടത്തിയ തെരച്ചിലില്‍ 5.39 കോടി രൂപ കണ്ടെടുത്തു. ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്യുകയും 450 കോടിയിലധികം രൂപ പിടിച്ചെടുക്കുകയും ചെയ്തെന്നും ഇഡി പറയുന്നു.

◾വനിതാ സംവരണം ഉടനേ നടപ്പാക്കണമെന്ന് ഉത്തരവിടില്ലെന്നു സുപ്രീംകോടതി. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് വനിതാ സംവരണം നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഡോ. ജയാതാക്കൂര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. വനിതാസംവരണ നിയമം രാഷ്ട്രപതി ഒപ്പിട്ടെങ്കിലും അടുത്ത സെന്‍സസിനുശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തിയശേഷമേ നടപ്പാക്കുവെന്നാണു സര്‍ക്കാര്‍ നിലപാട്.

◾തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ദുരഭിമാനക്കൊല. പ്രണയ വിവാഹത്തിന്റെ മൂന്നാം നാള്‍ നവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്ന പെണ്‍കുട്ടിയുടെ അച്ഛനെ അറസ്റ്റു ചെയ്തു. 24 കാരനായ മാരിസെല്‍വവും 20 കാരിയായ കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്.

◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു ബോളിവുഡ് താരം കങ്കണ റണൗട്ട്. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ മത്സരിക്കുമെന്നാണ് കങ്കണ പ്രതികരിച്ചത്. പ്രസിദ്ധമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് കങ്കണ ഒരു മാധ്യമപ്രവര്‍ത്തകയോട് ഇങ്ങനെ പറഞ്ഞത്.

◾അദാനി ഗ്രൂപ്പിനെതിരേ ലേഖനമെഴുതിയതിന് മാധ്യമ പ്രവര്‍ത്തകന്‍ രവി നായരടക്കം രണ്ടു പേരെ അറസ്റ്റു ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു.

◾ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. രാത്രിയുണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തരായി ജനം പുറത്തേക്കിറങ്ങി. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 6.4 തീവ്രതയുളള ഭൂചലനമാണ് നേപ്പാളിലുണ്ടായത്.

◾ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഇന്ത്യയിലെ 119 കോടീശ്വരന്മാര്‍ 8,445 കോടി രൂപ സംഭാവന നല്‍കിയെന്നു റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 59 ശതമാനം വര്‍ധന. ഈഡല്‍ ഗിവ് ഹാറൂന്‍ ഇന്ത്യ ഫിലാന്ത്രോപ്പി പട്ടികയിലാണ് ഈ വിവരം. പട്ടികയിലെ ആദ്യത്തെ പത്തുപേര്‍ 5,806 കോടി സംഭാവന ചെയ്തു. എച്ച്സിഎല്‍ ചെയര്‍മാനായ ശിവ് നാടാരും കുടുംബവും 2,042 കോടി രൂപ സംഭാവന നല്‍കി.

◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലണ്ട്സിനെതിരെ അഫ്ഗാനിസ്ഥാന് 7 വിക്കറ്റിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതര്‍ലണ്ട്സ് 46.3 ഓവറില്‍ 179 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഈ ജയത്തോടെ 7 കളികളില്‍ നിന്ന് നാല് വിജയത്തോടെ എട്ട് പോയിന്റുമായി അഫ്ഗാനിസ്ഥാന്‍ അഞ്ചാം സ്ഥാനത്തെത്തി.

◾എറണാകുളം ആലുവയിലെ എടയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കെമിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാം പാദമായ ജൂലൈ- സെപ്റ്റംബറില്‍ 3.16 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 18.18 കോടി രൂപയേക്കാള്‍ 82.6 ശതമാനം കുറവാണിത്. അതേ സമയം, ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 2.26 കോടി രൂപയായിരുന്നു ലാഭം. അവലോകന പാദത്തില്‍ മൊത്ത വരുമാനം 117.99 കോടി രൂപയില്‍ നിന്ന് 57 ശതമാനം കുറഞ്ഞ് 50.99 കോടി രൂപയുമായി. 2023 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനഫലങ്ങള്‍ കാഴ്ചവച്ച കമ്പനി ഇത് തുടര്‍ച്ചയായ രണ്ടാം പാദമാണ് നിരാശപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും വീണയുടെ കമ്പനി എക്‌സലോജിക്കിനും 'മാസപ്പടി' നല്‍കിയെന്ന വിവാദത്തിലകപ്പെട്ട സി.എം.ആര്‍.എല്‍ ഓഹരി ഈ വര്‍ഷം ഇതു വരെ 10.21 ശതമാനം നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 5.54 ശതമാനം നേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്. 1989ല്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയും മാത്യു എം ചെറിയാനും ചേര്‍ന്നാണ് 'കരിമണല്‍' കമ്പനി എന്ന് അറിയപ്പെടുന്ന സി.എം.ആര്‍.എല്ലിന് തുടക്കമിട്ടത്. സിന്തറ്റിക് റൂട്ടൈല്‍, ഫെറിക് ക്ലോറേഡ്, ടൈറ്റാനിയം ഡൈ-ഓക്‌സൈഡ് എന്നിവയാണ് കമ്പനിയുടെ മുഖ്യ ഉത്പന്നങ്ങള്‍.

◾മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്റെ റിലീസ് തിയതി പുറത്തുവിട്ടു. നവംബര്‍ 23ന് 'കാതല്‍' തിയറ്ററുകളില്‍ എത്തും. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായികയായി എത്തുന്നത്. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലില്‍ അവതരിപ്പിക്കുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും കാതല്‍ പ്രദര്‍ശിപ്പിക്കും. 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. മേളയില്‍ നവംബര്‍ 23ന് മുന്‍പ് ചിത്രം പ്രദര്‍ശിപ്പിക്കുമോ ആതോ തിയറ്റര്‍ റിലീസിന് ശേഷമാകുമോ കാതല്‍ മേളയില്‍ എത്തുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൂടാതെ ഐഎഫ്എഫ്കെയിലും കാതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് പ്രദര്‍ശനം. ഡിസംബര്‍ 8 മുതലാണ് ഐഎഫ്എഫ്കെ സംഘടിപ്പിച്ചിരിക്കുന്നത്. ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കാതല്‍. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം.

◾ഇന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ഇന്ത്യന്‍ 2'. ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ വിഎഫ്എക്സിലൂടെ ഇന്ത്യന്‍ 2ല്‍ കൊണ്ടുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷങ്കറിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. കമല്‍ ഹാസനും കാജലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു. കമല്‍ ഹാസന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇന്ത്യന്‍ 2. 1996-ലെ ഹിറ്റായ ഇന്ത്യന്‍ സിനിമയുടെ തുടര്‍ച്ചയാണ് ഈ സിനിമ. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യന്‍ 2ന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

◾ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ അറ്റാദായത്തില്‍ വന്‍ വര്‍ദ്ധനവ്. 2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ വില്‍പനയിലുണ്ടായ വര്‍ദ്ധനയുടെയും മറ്റ് ഘടകങ്ങളുടെയും പിന്‍ബലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വില്‍പ്പനയെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനവോടെ 536 കോടി രൂപയിലെത്തി. അപ്പാച്ചെ നിര്‍മ്മാതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 13 ശതമാനം വര്‍ധിച്ച് 8145 കോടി രൂപയായി. എബിറ്റ്ഡ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 22 ശതമാനം വര്‍ധിച്ച് 900 കോടി രൂപയായപ്പോള്‍, പ്രവര്‍ത്തന മാര്‍ജിന്‍ 98 ബേസിസ് പോയിന്റ് ഉയര്‍ന്ന് 11 ശതമാനം ത്രൈമാസ റെക്കോര്‍ഡിലെത്തി. ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഉള്‍പ്പെടെ ടിവിഎസ് വാഹനങ്ങളുടെ ശരാശരി വില്‍പ്പന വില (എഎസ്പി) 2023 സാമ്പത്തിക വര്‍ഷത്തിലെ 70,292 രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 8 ശതമാനം ഉയര്‍ന്ന് 75,838 രൂപയായി. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ആഭ്യന്തര, കയറ്റുമതി ഉള്‍പ്പെടെയുള്ള ആകെ വില്‍പന 5 ശതമാനം വര്‍ധിച്ച് 1,074,000 യൂണിറ്റിലെത്തി.

◾നിര്‍മ്മലജലം പോലെ തെളിമയാര്‍ന്ന ഉള്‍ക്കാഴ്ചകള്‍ക്കുടമയായ കീര്‍ത്തി, അവളുടെ ചുറ്റുമുള്ള ഒരു ഗ്രാമത്തിന്റെ ദൃശ്യഭംഗിയും പോയകാല ചരിത്രസംഭവങ്ങളും ഒപ്പിയെടുക്കുന്നതിനോടൊപ്പം, സ്വന്തം തറവാട്ടിലെ ഇളയച്ഛനെന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാവാത്തതിന്റെ വേവുകളിലൂടെ കടന്നുപോവുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് നില്ക്കുന്ന, നന്മയുള്ള ഒരു മനുഷ്യന്റെ ജീവിതവും കാലവും കര്‍മ്മവും അടയാളപ്പെടുത്തുമ്പോള്‍ ഉള്ള് നിറഞ്ഞ അനുഭൂതിയാണ് വായനക്കാരില്‍ സൃഷ്ടിക്കുക. ജീവിതത്തിന്റെ താക്കോല്‍ ആരുടെ കൈയിലാണ് എന്ന ചോദ്യം എക്കാലത്തും പ്രസക്തമാകുന്ന നോവല്‍. ലളിതവും മനോഹരവുമായ ഈ ആഖ്യാനം ഒരു ഗ്രാമ പരിസരങ്ങളുടെ രമണീയതയും കൂടിയാണ്. 'സ്നേഹവര്‍ണങ്ങള്‍'. ഇന്ദുലേഖ. ഗ്രീന്‍ ബുക്സ്. വില 133 രൂപ.

◾ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് വിതറുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണം. ആവശ്യത്തിലധികം ഉപ്പ് ഉപഭോഗം രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പറയുന്നത് പാകം ചെയ്ത ഭക്ഷണത്തില്‍ തളിക്കുന്ന ഉപ്പ് പ്രമേഹത്തിലേക്ക് നയിക്കുമെന്നാണ്. യുകെയിലെ 400,000 ത്തിലധികം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ മയോ ക്ലിനിക്ക് ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പാകം ചെയ്ത ഭക്ഷണത്തില്‍ വിതറുന്ന ഉപ്പുകള്‍ ടേബിള്‍ സോള്‍ട്ട് എന്നാണ് അറിയപ്പെടുന്നത്. ടേബിള്‍ സോള്‍ട്ട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്ന് ജേണലില്‍ വ്യക്തമാക്കുന്നു. 37 നും 73 നും ഇടയില്‍ പ്രായമുള്ള 402,982 ആളുകളുടെ ദൈനംദിന ഉപ്പിന്റെ ഉപയോഗ രീതി ഗവേഷണസംഘം വിശകലനം ചെയ്തു. ഇതില്‍ 13,000-ത്തിലധികം ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടായി. ഏകദേശം 12 വര്‍ഷം എടുത്താണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാകം ചെയ്ത ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് 'ചിലപ്പോള്‍' മാത്രമാണെങ്കില്‍ അവര്‍ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത 13 ശതമാനം കൂടുതലാണ്. എപ്പോഴും ഇത്തരത്തില്‍ ഉപ്പ് വിതറുകയാണെങ്കില്‍ അത് 39 ശതമാനമായി വര്‍ദ്ധിക്കും. പ്രായം, ലിംഗഭേദം, ഉയരം, ഭാരം, ഇടുപ്പ് ചുറ്റളവ് എന്നിവയുള്‍പ്പെടെയുള്ള ശാരീരിക സവിശേഷതകളും പുകവലി, മദ്യപാനം, ശാരീരിക പ്രവര്‍ത്തനം, വരുമാനം, വിദ്യാഭ്യാസ നിലവാരം എന്നീ ഘടകങ്ങള്‍ ഗവേഷണത്തിന്റെ അന്തിമ നിഗമനങ്ങള്‍ക്കായി സംഘം വിലയിരുത്തിയിരുന്നു.

*ശുഭദിനം*
കവിത കണ്ണന്‍
ആമയും മുയലും പന്തയം വെച്ച് ആമ ജയിച്ച കഥ നമുക്കറിയാം. എന്നാല്‍ അന്ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ മുയലിനെ മറ്റെല്ലാ മുയലുകളും കളിയാക്കി. അവന്‍ നാടുവിട്ടു. കാലം കുറെ കടന്ന്പോയി. മുയലിന്റെ തലമുറയിലും ആമയുടെ തലമുറയിലും പുതിയ കുട്ടികള്‍ വന്നു. പണ്ട് തങ്ങള്‍ക്കുണ്ടായ മാനക്കേട് മാറ്റാന്‍ മുയല്‍കുട്ടി തീരുമാനിച്ചു. അവന്‍ ആമയുടെ അടുത്തെത്തി. പുതിയ തലമുറയിലെ ആമക്കുട്ടിയോട് പന്തം വീണ്ടും നടത്തിയാലോ എന്നായി. ആമ പറഞ്ഞു: പണ്ട് ഇതുപോലെ ഒരു ഓട്ടപന്തയം നടത്തി തോറ്റ മുയല്‍ പോയവഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല. അവര്‍ കളിയാക്കി. മുയലിന്റെ നിര്‍ബന്ധപ്രകാരം അവര്‍ വീണ്ടും പന്തയം വെച്ചു. ദൂരെയുള്ള ഒരു കല്ല് ചൂണ്ടിക്കാട്ടി മുയല്‍ ഫിനിഷിങ്ങ് പോയിന്റ് കാണിച്ചുകൊടുത്തു. ഇത്തവണ ആമ ഫിനിഷിങ്ങ് പോയിന്റില്‍ എത്തുമ്പോള്‍ മുയല്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ആമ തലയും കുനിച്ച് യാത്രയായി. പക്ഷേ, മുയല്‍ വിടുവാന്‍ തയ്യാറായിരുന്നില്ല. രണ്ടു ദിവസത്തിന് ശേഷം ഒരിക്കല്‍ കൂടി പന്തയം നടത്തണം എന്നായി. അവസാനം നിവൃത്തിയില്ലാതെ ആമ സമ്മതിച്ചു. പക്ഷേ, ഇത്തവണ ഫിനിഷിങ്ങ് പോയിന്റ് കാണിക്കുന്നത് താന്‍ ആണെന്നായി ആമ. മുയല്‍ സമ്മതിച്ചു. അത്രയധികം ദൂരെയല്ലാത്ത ഒരു മരം ചൂണ്ടിക്കാണിച്ച് അതാണ് ഫിനിഷിങ്ങ് പോയിന്റെന്ന് ആമ പറഞ്ഞു. മുയല്‍ സമ്മതിച്ചു. ഓടിത്തുടങ്ങിയ മുയല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ പെട്ടെന്ന് നിന്നു. ആമ ചൂണ്ടിക്കാണിച്ച മരം ഒരു പുഴക്ക് അക്കരെയായിരുന്നു. പുഴയിലറങ്ങിയാല്‍ തന്റെ ജീവന്‍ പോകുമെന്ന് മുയലിന് മനസ്സിലായി. ആമ പതിയെ ഇഴഞ്ഞുവന്ന് പുഴയിലിറങ്ങി മരം ലക്ഷ്യമാക്കി നീന്തി എപ്പോഴും ആത്മവിശ്വാസം നല്ലതാണ്. മുന്നോട്ട് നീങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആത്മവിശ്വാസം നമ്മെ സഹായിക്കുന്നു. പക്ഷേ, അമിതമായ ആത്മവിശ്വാസം തോല്‍വിയിലേക്ക് നയിക്കും. മുന്നിലുള്ള അപകടങ്ങളെ കാണാതാക്കുന്നത് ഈ അമിത ആത്മവിശ്വസമാണ്. ഒരിക്കലും നമുക്ക് ഇന്നലകളെ വീണ്ടെടുക്കാന്‍ ആകില്ല. പക്ഷേ, നാളെ ജയിക്കണോ തോല്‍ക്കണോ എന്ന് തീരുമാനിക്കുന്നത് ഇന്നിന്റെ ആത്മവിശ്വാസമാണ്. ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ട് പോകാം - *ശുഭദിനം.*