◾ഇലക്ട്രല്‍ ബോണ്ട് സംവിധാനം സുതാര്യമല്ലെന്ന് സുപ്രീംകോടതി. ഭരണകക്ഷിക്ക് എന്തുകൊണ്ടാണ് കൂടുതല്‍ സംഭാവന കിട്ടുന്നത്? എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാത്തത് എന്തുകൊണ്ടാണ്? ഭരണകക്ഷിക്ക് ആരൊക്കെ സംഭാവന നല്കുന്നെന്ന് പ്രതിപക്ഷത്തിന് അറിയില്ല. എന്നാല്‍ പ്രതിപക്ഷത്തിന് സംഭാവന നല്കുന്നത് ആരെന്ന് സര്‍ക്കാരിനും അതുവഴി ഭരണകക്ഷിക്കും അറിയാനാകും. കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ കള്ളപ്പണം വരുന്നതു തടയാനാണ് പദ്ധതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ബാങ്കുകള്‍ വഴി വാങ്ങുന്ന ബോണ്ടുകള്‍ കള്ളപ്പണം തടയും. പദ്ധതിക്ക് രഹസ്യസ്വഭാവം വേണമെന്നും എന്നാല്‍ സുതാര്യതയുണ്ടെന്നും കേന്ദ്രം വാദിച്ചു.
◾വന്‍ സമ്പത്തിക പ്രതിസന്ധിയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരളാ ട്രാന്‍സ്പോര്‍ട് ഡവലപ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിലെ നിക്ഷേപങ്ങള്‍ തിരിച്ചുതരാത്തതിനെതിരേ നിക്ഷേപകര്‍ നല്‍കിയ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
◾സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പുന:പരിശോധിക്കും. ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചേര്‍ന്ന മൂന്നംഗ സമിതിയാണ് പരിശോധിക്കുക. ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ബാബു സമിതി നല്‍കിയ ശുപാര്‍ശകളാണ് മൂന്നംഗ സമിതി പരിശോധിക്കുക.
◾നെല്ല് സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി സപ്ലൈകോയെത്തന്നെ മന്ത്രിസഭായോഗം നിയോഗിച്ചു. സപ്ലൈകോയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം തുടരാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
◾സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതി പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്. കേരള പ്രഭ പുരസ്‌ക്കാരം ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവിക്കും, സൂര്യ കൃഷ്ണമൂര്‍ത്തിക്കും. കേരള ശ്രീ പുരസ്‌കാരം പുനലൂര്‍ സോമരാജന്‍ (സാമൂഹ്യ സേവനം), വി പി ഗംഗാധരന്‍ (ആരോഗ്യം), രവി ഡിസി (വ്യവസായ - വാണിജ്യം), കെ എം ചന്ദ്രശേഖരന്‍ (സിവില്‍ സര്‍വീസ്), പണ്ഡിറ്റ് രമേശ് നാരായണ്‍ (കല) എന്നിവര്‍ക്കും സമ്മാനിക്കും.
◾മോട്ടോര്‍ വാഹന വകുപ്പു നല്‍കാനുള്ള 2.84 കോടി രൂപ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന രജിസ്ട്രേഷന്‍ (ആര്‍സി) സര്‍ട്ടിഫിക്കറ്റുകളുടേയും ഡ്രൈവിംഗ് ലൈസന്‍സുകളുടേയും വിതരണം തപാല്‍ വകുപ്പ് നിര്‍ത്തിവച്ചു. ഇന്നലെ പതിനയ്യായിരത്തോളം ആര്‍സിയും ലൈസന്‍സും തപാല്‍ ചെയ്യാന്‍ എത്തിച്ചിരുന്നു.
◾കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാട് 90 കോടി രൂപയുടേതാണെന്ന് എന്റഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ച 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം. സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ കേസില്‍ പതിനാലാം പ്രതിയാണ്. കള്ളപ്പണ കേസിലെ ഉന്നത ഇടപെടലില്‍ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റു നടന്ന് രണ്ടു മാസത്തിനകമാണ് പ്രതികള്‍ക്കു ജാമ്യം ലഭിക്കാതിരിക്കാന്‍ ഇഡി ആദ്യഘട്ടകുറ്റപത്രം സമര്‍പ്പിച്ചത്. 12,000 പേജുള്ള പ്രാഥമിക കുറ്റപത്രത്തില്‍ 50 പ്രതികളും അഞ്ചു കമ്പനികളുമാണ് പ്രതികള്‍.
◾സപ്ലൈകോയ്ക്കു ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തതിനു ലഭിക്കാനുള്ള 650 കോടിയിലേറെ രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിതരണക്കാര്‍ കേരളപ്പിറവി ദിനത്തില്‍ സപ്ലൈകോ ആസ്ഥാനത്ത് സൂചനാ സമരം നടത്തി. പണം ഉടന്‍ നല്‍കണമെന്നും തങ്ങളെ ബാങ്ക് ജപ്തിയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് കൊച്ചി ഗാന്ധിനഗര്‍ സപ്ലൈകോയുടെ ഹെഡ് ഓഫീസിനു മുന്നില്‍ സമരം നടത്തിയത്.
◾സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ് കെ വസന്തന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമായ എസ് കെ വസന്തന്‍, ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
◾ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടു ഹൈക്കോടതി. മേല്‍ശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.
◾വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരു പക്ഷെ തോല്‍പ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ പ്രൊഫ. അമര്‍ത്യ സെന്‍. കേരളീയം ഉദ്ഘാടന വേദിയില്‍ വീഡിയോ വഴി ആശംസ നേര്‍ന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ഉയര്‍ന്ന മാര്‍ക്കു നേടണമെന്നതടക്കം അമിത മാനസിക സമര്‍ദ്ദം നല്‍കിയാല്‍ കുട്ടികള്‍ ലഹരി ഉപയോഗത്തിലേക്ക് നയിക്കുമെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ്. പുസ്തകോത്സവ വേദിയില്‍ 'മയക്കുമരുന്നുകളോട് വിട' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ കോട്ടകളില്‍ അട്ടിമറി വിജയവുമായി കെഎസ് യു. പാലക്കാട് വിക്ടോറിയ കോളേജില്‍ 23 വര്‍ഷത്തിനു ശേഷം കെ എസ് യു യൂണിയന്‍ പിടിച്ചെടുത്തു. പട്ടാമ്പി ഗവ. കോളേജില്‍ 42 വര്‍ഷത്തിനു ശേഷമാണു കെഎസ് യു യൂണിയന്‍ പിടിച്ചത്. നെന്മാറ എന്‍എസ്എസ് കോളജ്, ഒറ്റപ്പാലം എന്‍എസ്എസ് കോളജ്, തൃത്താല ഗവണ്‍മെന്റ് കോളജ് എന്നിവിടങ്ങളിലും കെഎസ് യു ആധിപത്യം നേടി. കേരളവര്‍മ്മ കോളജില്‍ 32 വര്‍ഷത്തിനു ശേഷം കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനു ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം ഇന്നു റീക്കൗണ്ടിങ്ങ് നടത്തും. തൃശൂര്‍ ജില്ലയിലെ 28 കോളേജുകളില്‍ 26 ഉം എസ്എഫ്ഐ നേടി.
◾കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ കോട്ടകളിലടക്കം വിജയം സ്വന്തമാക്കിയ കെ എസ് യുവിനെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സര്‍ക്കാരിനെതിരായ യുവജനതയുടെ ശക്തമായ താക്കീതാണു കെഎസ് യുവിന്റെ വിജയമെന്നു സുധാകരന്‍ പറഞ്ഞു.
◾പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞയും ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ലീല ഓംചേരി ഡല്‍ഹിയില്‍ അന്തരിച്ചു. 94 വയസായിരുന്നു. നാടകാചാര്യന്‍ ഓംചേരി എന്‍ എന്‍ പിള്ളയാണ് ഭര്‍ത്താവ്. പ്രമുഖ നര്‍ത്തകി ദീപ്തി ഓംചേരി ഭല്ല, എസ് ഡി ഓംചേരി എന്നിവര്‍ മക്കളാണ്. അന്തരിച്ച ഗായകന്‍ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ് ലീല ഓംചേരി.
◾കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ 250 രൂപ വീതം പിഴയടയ്ക്കണമെന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍. തിരുവനന്തപുരം കോര്‍പറേഷനിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശശി വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ടെന്നാണു പരാതി.
◾'തൊടരുത്, മാറിനില്‍ക്കൂ'വെന്ന് മാധ്യമപ്രവര്‍ത്തകരോടെ സുരേഷ് ഗോപി. കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെ 'അമ്മ' ആസ്ഥാനത്ത് എത്തിയപ്പോള്‍ അരികിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സുരേഷ്‌ഗോപി പ്രതികരിച്ചത് ഇങ്ങനെയാണ്: 'നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ'.
◾ജഡ്ജിക്കും അഭിഭാഷകര്‍ക്കും പനിയും ശരീരവേദനയുംമൂലം തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികള്‍ രണ്ടു ദിവസത്തേക്ക് അടച്ചിടും. അന്‍പതോളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. തൊട്ടടുത്ത പുതിയ കോടതി സമുച്ചയത്തിന്റെ പണിസ്ഥലത്തുനിന്നുളള പൊടിപടലങ്ങള്‍ കാരണമാണോയെന്നു സംശയമുണ്ട്.
◾മയക്കുമരുന്നു വിപത്തിനെ തടയാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അധ്യാപക പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
◾സര്‍ക്കാരിന്റെ കേരളീയം പരിപാടി ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഏറ്റവും വലിയ കടക്കെണിയിലാണുള്ളത്. എല്ലാവിധ പെന്‍ഷനുകളും മുടങ്ങി. സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിനുപോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾കേരള പൊലീസില്‍ പുതിയതായി നിയമനം ലഭിച്ച 1,272 പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജില്‍ ആരംഭിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു.
◾മദ്യനയകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിനു മുന്നിലെത്തും. കെജ്രിവാള്‍ അറസ്റ്റിലാകുമെന്ന അഭ്യൂഹം ശക്തമാണ്.
◾ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആപ്പിള്‍ കമ്പനി അധികൃതരെ വിളിച്ച് വരുത്താന്‍ പാര്‍ലമെന്റ് ഐടി കമ്മിറ്റി തീരുമാനിച്ചു. ആപ്പിള്‍ കമ്പനിയുടെ വിശദീകരണം വ്യക്തമല്ലെന്ന് വിലയിരുത്തിയാണ് വിളിച്ചുവരുത്തുന്നത്.
◾സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹര്‍ജിക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.
◾ഹര്‍ജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ വിധിക്കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ച പരാതിക്കാരന് ആറു മാസം തടവുശിക്ഷ. പഞ്ചാബിലെ പത്താന്‍കോട്ട് സ്വദേശി നരേഷ് ശര്‍മയെയാണ് ഡല്‍ഹി ഹൈക്കോടതി ശിക്ഷിച്ചത്. 2000 രൂപ പിഴയും അടയ്ക്കണം. ഡല്‍ഹി പൊലീസ്, മുംബൈ പൊലീസ്, ബെംഗളൂരു പൊലീസ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, യൂണിയന്‍ ഓഫ് ഇന്ത്യ എന്നിവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ ജഡ്ജിക്കു വധശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചിരുന്നത്.
◾കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെറ്റ് എയര്‍വേയ്‌സ് ഉടമകളുടെ 500 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ജെറ്റ് എയര്‍വേയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയല്‍, ഭാര്യ അനിതാ ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍, 17 റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകള്‍, ബംഗ്ലാവുകള്‍, വാണിജ്യ കെട്ടിടങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.
◾അപകടത്തില്‍പ്പെട്ട കാറിലുള്ളവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. കാറിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ കൈക്കലാക്കി നാട്ടുകാര്‍ സ്ഥലംവിട്ടു. ബിഹാറിലെ ഗയ ജില്ലയിലെ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ദോബി-ഛത്ര ഹൈവേയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
◾ആറു മാസത്തിനിടെ മുംബൈയിലെ ജെംസ് കമ്പനി സ്റ്റോറില്‍നിന്ന് 5.62 കോടി രൂപയുടെ വജ്രങ്ങള്‍ മോഷണം പോയ സംഭവത്തില്‍ സ്ഥാപനത്തിലെ രണ്ടു ജീവനക്കാരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ഭാരത് ഡയമണ്ട് ബോഴ്‌സിലെ ജെബി ആന്‍ഡ് ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വജ്രം മോഷണം പോയത്.
◾ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി ബൊളീവിയ. അയല്‍രാജ്യങ്ങളായ കൊളംബിയയും ചിലിയും തങ്ങളുടെ സ്ഥാനപതികളെ തിരിച്ചുവിളിച്ചു.
◾ഇംഗ്ലീഷ് (ഗ്രിഗോറിയന്‍) കലണ്ടര്‍ പിന്തുടരാന്‍ സൗദി അറേബ്യ തീരുമാനിച്ചു. മതപരമായ കാര്യങ്ങള്‍ക്ക് നിലവിലുള്ളതുപോലെ അറബിക് (ഹിജ്‌റ) കലണ്ടര്‍ ഉപയോഗിക്കും.
◾അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുക.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 190 റണ്‍സിന്റെ വമ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 114 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റേയും 133 റണ്‍സെടുത്ത വാന്‍ഡര്‍ ഡസ്സന്റേയും പിന്‍ബലത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് പടുത്തുയര്‍ത്തി. വലിയ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന്റെ മുഴുവന്‍ വിക്കറ്റുകളും 167 റണ്‍സില്‍ വീണു. ഇതോടെ ഏഴ് കളികളില്‍ നിന്ന് 12 പോയിന്റ് നേടിയ ദക്ഷിണാഫ്രിക്ക ഒന്നാമതും 8 പോയിന്റ് മാത്രമുള്ള ന്യൂസിലാണ്ട് നാലാം സ്ഥാനത്തുമാണ്.
◾2034-ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ. ലോകകപ്പ് വേദിക്കായുള്ള മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍വാങ്ങിയതോടെയാണ് സൗദിക്ക് അവസരമൊരുങ്ങിയത്.
◾വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് 337 ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. ഇക്കാലയളവില്‍ ലോകമൊട്ടാകെയുള്ള സ്വര്‍ണ ഉപഭോഗം എട്ടു ശതമാനം വര്‍ദ്ധനയോടെ 1147 ടണ്ണായി. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില്‍പ്പന 56 ശതമാനം ഉയര്‍ന്ന് 157 ടണ്ണിലെത്തി. അതേസമയം ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിന്നും വലിയ തോതില്‍ നിക്ഷേപം പുറത്തേക്ക് ഒഴുകുകയാണ്. വില കുത്തനെ കൂടിയതു മൂലം ജ്വല്ലറികള്‍ വഴിയുള്ള സ്വര്‍ണ വില്‍പ്പനയില്‍ രണ്ടു ശതമാനം കുറവുണ്ടായി. ഇന്ത്യയിലും ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുളള കാലയളവില്‍ സ്വര്‍ണ ഉപഭോഗം പത്തു ശതമാനം ഉയര്‍ന്ന് 210 ടണ്ണിലെത്തി. നടപ്പുവര്‍ഷം രാജ്യത്തെ മൊത്തം സ്വര്‍ണ ഉപഭോഗം 750 ടണ്ണിലെത്തുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നത്. സുരക്ഷിതവും എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയുന്നതും മികച്ച വരുമാനം നല്‍കുന്നതുമായ ആസ്തിയായ സ്വര്‍ണം എല്ലാ കേന്ദ്ര ബാങ്കുകളുടെയും വിദേശ നാണയ ശേഖരത്തിലെ പ്രധാന ഘടകമാണ്. പേപ്പര്‍ കറന്‍സികളുടെ ഗ്യാരന്റിയായും നാണയപ്പെരുപ്പ ഭീഷണി പിടിച്ചു നിറുത്താനും സ്വര്‍ണ ശേഖരത്തെ കണക്കിലെടുക്കുന്നു. സ്വര്‍ണശേഖരമുള്ള പ്രധാന പത്ത് കേന്ദ്ര ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് ഒമ്പതാം സ്ഥാനമാണ്. 787.40 ടണ്‍ സ്വര്‍ണ ശേഖരമാണ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയ്ക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള യു.എസ്. ഫെഡറല്‍ റിസര്‍വിന് 8,133 ടണ്‍ സ്വര്‍ണശേഖരമുണ്ട്.
◾ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ 'ഒറ്റ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'പരല്‍' എന്നു തുടങ്ങുന്ന പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനം ബെന്നി ദയാല്‍, ഉണ്ണി ഇളയരാജ, എം.ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. വൈരമുത്തുവും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. ആസിഫ് അലി നായകനായെത്തിയ ചിത്രമാണ് 'ഒറ്റ'. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന 'ഒറ്റ' എന്ന ചിത്രത്തിലൂടെ പറയുന്നത്. ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍എല്‍പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നൊരുക്കിയ 'ഒറ്റ' എസ്.ഹരിഹരന്‍ ആണ് നിര്‍മിച്ചത്. കിരണ്‍ പ്രഭാകറിന്റേതാണ് കഥ.
◾വന്‍ ഹിറ്റായി മാറിയ ആനന്ദ് ദേവെരകൊണ്ട നായകനായ 'ബേബി' സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. വൈഷ്ണവി ചൈതന്യയാണ് നായികയായി എത്തിയത്. ബോളിവുഡ് നടന്‍ ബോബി ഡിയോളിന്റെ മകന്‍ ആര്യമനാണ് നായകനായി എത്തുക എന്നും നായിക പുതുമുഖ ആയിരിക്കുമെന്നും സംവിധാനം സായ് രാജേഷ് നീലം തന്നെയായിരിക്കും എന്നുമാണ് റിപ്പോര്‍ട്ട്. സായ് രാജേഷ് നീലമായിരുന്നു ബേബി സംവിധാനം ചെയ്തത്. തിരക്കഥയും സായ് രാജേഷ് നീലമായിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസിനേ മികച്ച മൗത്ത് പബ്ലിസിറ്റിയുണ്ടായ ചിത്രം വന്‍ ഹിറ്റായി മാറുകയായിരുന്നു. ആനന്ദ് ദേവെരകൊണ്ട നായകനായി 80 കോടിക്ക് മുകളില്‍ നേടി തെലുങ്ക് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു ബേബി. ശ്രീനിവാസ് കുമാര്‍ നൈദുവാണ് ബേബി സിനിമ നിര്‍മിച്ചത്. വിരാജ് അശ്വിന്‍, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.
◾ഇലക്ട്രിക് എസ്യുവി എലിവേറ്റുമായി ഹോണ്ട എത്തുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ എലിവേറ്റിന്റെ വൈദ്യുത പതിപ്പ് വിപണിയിലെത്തിക്കും. ഹോണ്ട ഇന്ത്യയുടെ തപ്പുകാരാ ശാലയില്‍ നിന്നാകും ഇലക്ട്രിക് എസ്യുവി പുറത്തിറങ്ങുക. വൈദ്യുത വാഹനം നിര്‍മിക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ തപ്പുക്കാരയില്‍ അടുത്ത വര്‍ഷം ആരംഭിക്കും. നിര്‍മാണ ശാലയുടെ കപ്പാസിറ്റി ഉയര്‍ത്തി എലിവേറ്റ് ഇലക്ട്രിക്കിനെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനം ഇതായിരിക്കും. 2030ല്‍ ഹോണ്ട നിരയിലെ എസ്യുവികളുടെ എണ്ണം 5 ആക്കാനാണ് പദ്ധതിയെന്നും ഹോണ്ട പറയുന്നു. ജാപ്പനീസ് ഓട്ടോമൊബൈല്‍ ഭീമനില്‍ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്യുവിയുമാണ് ഹോണ്ട എലിവേറ്റ് അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. ഹോണ്ടയുടെ 1.5 ലീറ്റര്‍ ഐവിടെക് ഡിഒഎച്ച്സി എന്‍ജിനാണ് എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവല്‍, സിവിറ്റി ഗിയര്‍ബോക്സുകളുമായി വാഹനമെത്തും. 121ജട കരുത്തും 145.1 ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്.
◾മിസ് കുമാരിയുടെ ജീവിതവും ദേശവും മകന്‍ എഴുതുന്നു. ''അമ്മയെ കാണാനുള്ള ബാബു തളിയത്തിന്റെ ഈ യാത്ര നമ്മെ ഒറ്റയിരിപ്പില്‍ വായിപ്പിക്കുന്ന ചരിത്രാനുഭവവും ഹൃദയാനുഭവവുമാണ്. ഇത് ഒരമ്മയുടെ കഥമാത്രമല്ല ഒരു കാലഘട്ടത്തിന്റെയും ഒരു സാമൂഹിക വ്യവസ്ഥിതിയുടെയും ഉല്‍പതിഷ്ണുവായ ഒരു കുടുംബത്തിന്റെയുംകൂടി കഥയാണ് - ഒപ്പം പ്രതിഭാശാലിയായ ഒരു കലാകാരിയുടെ മഹനീയമായ ഉയര്‍ച്ചയുടെയും വേദനിപ്പിക്കുന്ന മാഞ്ഞുപോവലിന്റെയും.'' 'അമ്മവീട്'. ബാബു തളിയത്ത്. ഡിസി ബുക്സ്. വില 170 രൂപ.
◾വായു മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള സാധ്യത 56 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പുതിയ പഠനം. മിതമായ അളവിലുള്ള സൂക്ഷ്മ കണിക മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത 56 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി യുഎസിലെ പുതിയ ഗവേഷണം കണ്ടെത്തി. സൂക്ഷ്മ കണികാ പദാര്‍ത്ഥം അല്ലെങ്കില്‍ പിഎം 2.5 തലച്ചോറില്‍ വീക്കം ഉണ്ടാക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണവും പാര്‍ക്കിന്‍സണ്‍സ് രോഗവും തമ്മിലുള്ള ബന്ധം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ലെന്നും പ്രദേശങ്ങള്‍ക്കനുസരിച്ച് അതിന്റെ ശക്തിയില്‍ വ്യത്യാസമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ന്യൂറോളജി ജേണലില്‍ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മസ്തിഷ്‌കത്തിന്റെ തകരാറിന് കാരണമാകുന്ന രോഗങ്ങളിലൊന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഉറക്കമില്ലായ്മ, വിഷാദരോഗം, ഉത്കണ്ഠ, ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട് എന്നിവ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. പഠനത്തില്‍ ഏകദേശം 22 ദശലക്ഷം ആളുകളുടെ യുഎസിലെ മെഡികെയര്‍ ഡാറ്റാസെറ്റില്‍ നിന്ന് ഏകദേശം 90,000 പേരെ ന്യൂറോളജിക്കല്‍ രോഗമുള്ളതായി ഗവേഷകര്‍ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവരെ അവരുടെ താമസസ്ഥലത്തിന്റെ അയല്‍പക്കത്തേക്ക് ജിയോകോഡ് ചെയ്തു. ഒരു വ്യക്തി വായു മലിനീകരണവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും പിന്നീട് പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യതയും തമ്മിലുള്ള ബന്ധം പഠനത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. സെന്‍ട്രല്‍ നോര്‍ത്ത് ഡക്കോട്ട, ടെക്സാസിന്റെ ചില ഭാഗങ്ങള്‍, കന്‍സാസ്, കിഴക്കന്‍ മിഷിഗണ്‍, ഫ്ലോറിഡയുടെ ചില ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് യുഎസ് സംസ്ഥാനങ്ങള്‍ക്കൊപ്പം മിസിസിപ്പി-ഓഹിയോ നദീതടവും പാര്‍ക്കിന്‍സണ്‍സ് രോഗബാധിത പ്രദേശമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
*ശുഭദിനം*
അന്ന് സോക്രട്ടീസ് ശിഷ്യരുമായി സംസാരിച്ചുകൊണ്ടിരിക്കുയായിരുന്നു. അപ്പോഴാണ് ഒരു കൈനോട്ടക്കാരന്‍ അങ്ങോട്ട് വന്നത്. ഞാന്‍ മുഖം നോക്കി താങ്കളുടെ ലക്ഷണം പറയാം: അയാള്‍ പറഞ്ഞു. സോക്രട്ടീസ് സമ്മതിച്ചു. അയാള്‍ പറഞ്ഞു: താങ്കള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. മാത്രമല്ല, താങ്കള്‍ ഒരു നിഷേധിയുമാണ്. നിങ്ങളുടെ നെറ്റിത്തടം നോക്കിയാല്‍ അറിയാം നിങ്ങളുടെ മനസ്സില്‍ പ്രതികാരമുണ്ടെന്ന്. ഗുരുവിനെക്കുറിച്ച് മോശം പറയുന്നത് കണ്ട് ശിഷ്യര്‍ അയാളെ പുറത്താക്കാന്‍ നോക്കിയെങ്കിലും സോക്രട്ടീസ് എതിര്‍ത്തു. അയാള്‍ തുടര്‍ന്നു: നിങ്ങളുടെ മുഖത്ത് ദുരാഗ്രഹത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. മാത്രമല്ല, നിങ്ങള്‍ക്ക് മുഖസ്തുതിയോട് താല്‍പര്യവുമുണ്ട്. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ കൈനിറയെ മധുരവുമായി സോക്രട്ടീസ് അയാളെ പറഞ്ഞയച്ചു. ശിഷ്യന്‍ ചോദിച്ചു: അയാളോടൊന്നും പറയാതെ താങ്കള്‍ക്കെങ്ങിനെ തിരിച്ചയക്കാന്‍ കഴിഞ്ഞു. സോക്രട്ടീസ് പറഞ്ഞു: അയാള്‍ പറഞ്ഞതെല്ലാം ശരിയാണ്. ഇതെല്ലാം എന്റെയുള്ളിലുണ്ട്. പക്ഷേ, നിരന്തരപരിശ്രമവും പരിശീലനവും കൊണ്ട് ഞാന്‍ അവയെയെല്ലാം മറികടക്കുന്നുണ്ട്. അതയാള്‍ക്കറിയില്ല. അറിയാത്ത കാര്യത്തെ കുറിച്ച് അയാള്‍ എങ്ങിനെ പറയും. തനിക്കെതിരെയുളള വിമര്‍ശനങ്ങള്‍ ഒരാള്‍ നേരിടുന്ന രീതി പരിശോധിച്ചാല്‍ അറിയാം അയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന്. ചിലര്‍ കൂടുതല്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കും, ചിലര്‍ കരയും, ചിലര്‍ കായികമായി നേരിടും, വേറെ ചിലര്‍ ആ ആക്ഷേപങ്ങളെ അപ്രസക്തമാക്കുംവിധം ജീവിച്ചുകാണിക്കും. ആരും വിമര്‍ശനത്തിന് അതീതരല്ല, വിമര്‍ശനത്തിനും വിലയുണ്ട്. വിമര്‍ശനങ്ങളെ ക്രിയാത്മകമായും പക്വതയോടുകൂടിയും നേരടാന്‍ നമുക്കും സാധിക്കട്ടെ - *ശുഭദിനം.*