◾വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍ ഇസ്രയേലിന്റെ തുടര്‍ച്ചയായ ബോംബാക്രമണം. അഭയകേന്ദ്രമാക്കി മാറ്റിയ അല്‍ ബുറാഖ് സ്‌കൂളില്‍ ബോംബിട്ടതിനെത്തുടര്‍ന്ന് 50 പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ 5 വട്ടമാണു ബോംബിട്ടത്. അല്‍ഖുദ്സ് ആശുപത്രിക്കുനേരെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്കു പരുക്കേറ്റു. അല്‍ നാസര്‍ ആശുപത്രി, റന്റിസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, ഇന്തൊനീഷ്യന്‍ ഹോസ്പിറ്റല്‍ എന്നിവയ്ക്കുനേരെയും ആക്രമണമുണ്ടായി. ആശുപത്രികളുടെ 100 മീറ്റര്‍ പരിധിയില്‍ കവചിതവാഹനങ്ങളും ടാങ്കുകളും നിലയുറപ്പിച്ചിട്ടുണ്ട്.
◾സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. അരി മുതല്‍ മുളകുവരെ സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് കൂടുക. തീരുമാനം എടുക്കാന്‍ ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിനെ എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. 7 വര്‍ഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്. വില കൂട്ടണം എന്നായിരുന്നു സപ്ലൈക്കോ ആവശ്യം.
◾സപ്ളൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടില്ലെന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം മുഖവിലക്കെടുക്കാതെയാണ് വില കൂട്ടാന്‍ ഇടത് മുന്നണി യോഗത്തില്‍ തീരുമാനമെടുത്തതെന്ന് ആക്ഷേപം. അതേസമയം വില കൂട്ടില്ലെന്ന എല്‍ഡിഎഫ് പ്രകടന പത്രികാ വാഗ്ദാനം 2016 ലേതാണെന്നും ഇത് 2021 ലെ സര്‍ക്കാരാണെന്നുമാണ് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന്റെ വാദം.
◾കേരളാ മന്ത്രിസഭാ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്. നവകേരള സദസ്സിന് ശേഷം ഡിസംബര്‍ അവസാനം മാറ്റമുണ്ടാകുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു. മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഡിസംബര്‍ അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടന നടപ്പാക്കാനാണ് തീരുമാനം.
◾സംസ്ഥാനത്ത് താന്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതിയെ വിശുദ്ധ പശുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം കോടതിയുടെ നിരീക്ഷണങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
◾കേന്ദ്രം കേരളത്തോട് അവഗണന കാട്ടുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടത്തും. ജനുവരിയിലാണ് പ്രതിഷേധ സമരം. മുഴുവന്‍ എല്‍എഡിഎഫ് എംഎല്‍എമാരും എംപിമാരും ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് ഇ പി ജയരാജന്‍.
◾വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നവകേരള സദസിന് വേണ്ടി സര്‍ക്കാര്‍ സഹകരണ- തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇപ്പോള്‍ തന്നെ ഞെരുക്കത്തിലായ തദ്ദേശ സ്ഥാപനങ്ങളെ വലിയ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
◾വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പല്‍ ഷെന്‍ ഹുവ 29ന്റെ ബര്‍ത്തിങ് വൈകുന്നു. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി കപ്പല്‍ ബര്‍ത്തിലേക്ക് എത്തിക്കുമെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ വ്യക്തമാക്കി.
◾സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് മാറ്റം. വിവിധ ജില്ലകളില്‍ പൊലീസ് മേധാവികള്‍ മാറി. പൊലീസ് സേനയില്‍ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക ഒരു വര്‍ഷത്തേക്ക് രൂപീകരിക്കുകയും ചെയ്തു.
◾കുഴപ്പങ്ങള്‍ ഉണ്ടാക്കിയത് എല്‍ഡിഎഫിലെ ഒരു ഉയര്‍ന്ന നേതാവാണെന്നും 48 കോടി 101 കോടി ആക്കിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നും കണ്ടല ബാങ്ക് തട്ടിപ്പ് കേസിലെ ആരോപണവിധേയനായ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍. ഇഡി തന്നെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും ഇഡി ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗന്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
◾കേരളാ കോണ്‍ഗ്രസ് എമ്മിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് ജോസ് കെ മാണി. എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ഉചിതമായ സമയത്ത് ഇക്കാര്യം മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
◾മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്.
◾കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ റീകൗണ്ടിങ് നടപടിക്രമങ്ങളില്‍ അപാകതയുണ്ടായെന്ന് കേരള ഹൈക്കോടതി. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
◾ആലപ്പുഴ നൂറനാട് മണ്ണെടുപ്പിനെതിരെ പ്രതിഷേധിച്ച 60 പേര്‍ അറസ്റ്റില്‍. ഇവരെ ചെങ്ങന്നൂര്‍, നൂറനാട്, വെണ്‍മണി എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റി. അതിനിടെ, മാവേലിക്കര എംഎല്‍എ അരുണ്‍ കുമാറിനെ പൊലീസ് മര്‍ദിച്ചതായി പരാതി.
◾ദത്തെടുത്ത 12 വയസുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് 109 വര്‍ഷം തടവ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന സംരക്ഷണത്തിനായി കൈമാറിയ തമിഴ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പത്തനംതിട്ട സ്വദേശിയായ പ്രതി ആറേകാല്‍ ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അതിവേഗ കോടതി ഉത്തരവിട്ടു. അച്ഛനമ്മമാര്‍ മരിച്ച ശേഷമാണ് 12 വയസുകാരിയെ പ്രതിയ്ക്കും ഭാര്യയ്ക്കും ദത്ത് ലഭിച്ചത്.
◾അതിരമ്പുഴയില്‍ ഭര്‍തൃഗൃഹത്തില്‍ 24 വയസുകാരിയായ ഷൈമോള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അനില്‍ അറസ്റ്റില്‍. ഭര്‍ത്താവിനെതിരെ സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
◾കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറില്‍ വലിയ നാശനഷ്ടം. അലമാരയില്‍ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികള്‍ താഴെ വീണുടഞ്ഞു.
◾ജയറാം പാര്‍വതി താര ദമ്പതികളുടെ മകനും നടനുമായ കാളിദാസും മോഡല്‍ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു.
◾വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണത്തില്‍ നിന്ന് തലയൂരി കേന്ദ്ര സര്‍ക്കാര്‍. വിമാനക്കൂലി നിയന്ത്രണാധികാരം സര്‍ക്കാരിനല്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എയര്‍ കോര്‍പ്പറേഷന്‍ നിയമം പിന്‍വലിച്ചതോടെ സര്‍ക്കാരിന് വില നിശ്ചയിക്കാനുള്ള അധികാരം നഷ്ടമായി എന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് നളിന്‍ കുമാര്‍ കട്ടീലിനെ ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി. പകരം ബിഎസ് യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര യെദിയൂരപ്പയെ തിരഞ്ഞെടുത്തു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കുന്ന വസ്ത്രം ചൂണ്ടിക്കാട്ടി വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി ലക്ഷങ്ങള്‍ വിലയുള്ള സ്യൂട്ടുകള്‍ ധരിക്കുമ്പോള്‍ വെള്ള ടീ ഷര്‍ട്ട് മാത്രമാണ് താന്‍ ഉപയോഗിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒരിക്കല്‍ ധരിച്ച വസ്ത്രം പിന്നീട് ധരിക്കുന്നത് കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു.
◾പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി ഒരു റാലിക്കു പോലും പങ്കെടുക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു നാല് സംസ്ഥാനങ്ങളിലും രാഹുല്‍ പലതവണ റാലികള്‍ നടത്തി കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം മുന്‍പ് അട്ടിമറിച്ച അശോക് ഗെലോട്ടിനോട് രാഹുലിന് നീരസമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭരണവിരുദ്ധവികാരം ഇല്ലാതാക്കാന്‍ സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും അതും ഗെലോട്ട് ചെവിക്കൊണ്ടില്ല. പ്രചാരണത്തില്‍ സച്ചിന്‍ പൈലറ്റും ഏറെ സജീവമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തു വന്ന സര്‍വേകളും രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അനുകൂലമല്ല.
◾രാജ്യത്ത് ഹിന്ദു മതത്തിനെ സംരക്ഷിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.
◾ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണത്തിലും നിയന്ത്രണത്തിലും ഗവണ്‍മെന്റ് ഇടപെടല്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍. ഇന്ത്യക്കെതിരായ നാണം കെട്ട തോല്‍വിയെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് ഗവണ്‍മെന്റ് താല്‍ക്കാലിക ബോര്‍ഡിന് ചുമതല നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടന്നെന്നാണ് ഐസിസി നിഗമനം.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് 5 വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ അസ്മത്തുള്ള ഒമര്‍സായി പുറത്താകെ നേടിയ 97 റണ്‍സിന്റെ മികവില്‍ 244 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക റാസി വാന്‍ഡര്‍ ദസന്‍ പുറത്താകാതെ നേടിയ 76 റണ്‍സിന്റെ പിന്‍ബലത്തില്‍ 47.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി
◾രാജ്യത്തെ 7 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കിടയില്‍ സോഫ്റ്റ് വെയര്‍/സേവന കയറ്റുമതയില്‍ അപ്രമാദിത്തത്തോടെ ഒന്നാംസ്ഥാനം നിലനിറുത്തി കൊച്ചി സെസ്. കയറ്റുമതി വരുമാനത്തില്‍ ഇടിവുണ്ടായെങ്കിലും മറ്റ് സെസുകളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയാണ് ഈ വര്‍ഷവും കൊച്ചി സെസ് ഒന്നാംസ്ഥാനത്ത് തുടരുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഇ.ഒ.യു ആന്‍ഡ് സെസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-ഓഗസ്റ്റില്‍ 992.81 കോടി ഡോളറിന്റെ (82,400 കോടി രൂപ) സോഫ്റ്റ് വെയര്‍ /സേവന കയറ്റുമതിയാണ് കൊച്ചി സെസ് നടത്തിയത്. 2022-23ലെ സമാനകാലത്തെ 1,082.44 കോടി ഡോളറിനേക്കാള്‍ (90,000 കോടി രൂപ) 8 ശതമാനം കുറഞ്ഞു. എന്നാല്‍ കയറ്റുമതിയില്‍ 28 ശതമാനം വിഹിതവുമായി കൊച്ചി സെസ് ഒന്നാംസ്ഥാനം കൈവിടാതെ നിലനിറുത്തി. കൊച്ചി സെസിന് കീഴില്‍ കാക്കനാട്ടും കര്‍ണാടകയിലും യൂണിറ്റുകളുണ്ട്. ചെന്നൈയിലെ മദ്രാസ് എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണിനെ പിന്തള്ളി ഈ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റില്‍ മുംബൈയിലെ സാന്റാക്രൂസ് ഇലക്ട്രോണിക് എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണ്‍ രണ്ടാംസ്ഥാനം നേടി. മുംബൈക്ക് 19 ശതമാനവും മൂന്നാം സ്ഥാനത്തുള്ള മദ്രാസിന് 18 ശതമാനവുമാണ് വിഹിതം.
◾ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുക്കുന്ന ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ടര്‍ബോ'. ഇപ്പോഴിതാ തെലുങ്കിലെ പ്രമുഖ നടന്‍ സുനില്‍ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ് പുതിയ അപ്‌ഡേറ്റ്. നായകനായും വില്ലനായും കൊമേഡിയനായും തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങിയ നടനാണ് സുനില്‍. അദ്ദേഹത്തിന്റെ മലയാളത്തിലെക്കുള്ള അരങ്ങേറ്റം കൂടിയാണ് ടര്‍ബോ. ചിത്രത്തില്‍ താരം ഒരു പ്രധാന വേഷത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ടര്‍ബോയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി അറിയിച്ചു. പുഷ്പയില്‍ സുനില്‍ അവതരിപ്പിച്ച മംഗളം സീനു എന്ന വില്ലന്‍ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാര്‍ത്തി നായകനായ ജപ്പാന്‍ ആണ് സുനില്‍ അഭിനയിച്ച് തിയറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണം. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം ഒരുക്കുന്നത്.
◾ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'നവംബര്‍ 9' എന്ന ചിത്രം പ്രഖ്യാപിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ് എം നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബാബറി മസ്ജിദ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അനൗന്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കിയത്. കേരള സര്‍ക്കാര്‍ ഫയലില്‍ തുടങ്ങി, സുപ്രീം കോടതി, ഇന്ത്യന്‍ ഭൂപടം, ഗര്‍ഭസ്ഥ ശിശു, എന്നിങ്ങനെ ബാബറി മസ്ജിദില്‍ അവസാനിക്കുന്ന മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ 'മാര്‍ക്കോ' ആണ് ഉണ്ണിയെ നായകനാക്കി നേരത്തെ ക്യൂബ്‌സ് പ്രഖ്യാപിച്ച ചിത്രം. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് 'മാര്‍ക്കോ'യ്ക്ക് ശേഷമാകും 'നവംബര്‍ 9' യുടെ ചിത്രീകരണം ആരംഭിക്കുക. അടുത്തവര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.
◾രാജ്യത്തെ നമ്പര്‍-1 ഫാമിലി, മൈലേജ് കാറായ മാരുതി സുസുക്കി വാഗണ്‍ആറിന് ബമ്പര്‍ കിഴിവ് ഉണ്ട്. 2023 ദീപാവലി പ്രമാണിച്ച് മാരുതി സുസുക്കി അതിന്റെ മൈലേജ് കാര്‍ വാഗണ്‍ആറിന് ഏകദേശം 50,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഹാച്ച്ബാക്കില്‍ കിഴിവുകള്‍ ലഭിക്കും. ഈ ആനുകൂല്യങ്ങളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ വാഗണ്‍ആറിന്റെ വില 5.54 രൂപ മുതല്‍ ലക്ഷം (എക്സ്-ഷോറൂം) മുതല്‍ 7.30 ലക്ഷം (എക്സ്-ഷോറൂം) വരെയാണ്. ഒമ്പത് കളര്‍ ഓപ്ഷനുകളിലും നാല് വേരിയന്റുകളിലും ഇത് ലഭ്യമാണ്. മാരുതി സുസുക്കി വാഗണ്‍ആറിന്റെ ഡിസ്‌കൗണ്ടുകളില്‍ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. ഇതിന് പുറമെ 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭ്യമാണ്. വാഗണ്‍ ആറില്‍ നിങ്ങള്‍ക്ക് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ നിങ്ങള്‍ക്ക് 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നു. കാറിന്റെ മൈലേജിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇത് പെട്രോളില്‍ ലിറ്ററിന് 27 കിലോമീറ്ററും സിഎന്‍ജിയില്‍ കിലോയ്ക്ക് 35 കിലോമീറ്ററും മൈലേജ് നല്‍കുന്നു.
◾ആരോഗ്യം നഷ്ടപ്പെട്ടതിന്റെ സൂചനകളും ലക്ഷണങ്ങളുമാണ് രോഗം. മനുഷ്യര്‍ക്ക് പലപ്രകാരത്തിലുള്ള രോഗങ്ങളുണ്ടെങ്കിലും പ്രകൃതിയുടെ ദൃഷ്ടിയില്‍ രോഗമൊന്നേയുള്ളൂ. ശരീരത്തിന്റെയും മനസ്സിന്റെയും അനാരോഗ്യം. രോഗം വരാതിരിക്കുന്നതിനും വന്നിട്ടുള്ളവര്‍ക്ക് പണച്ചെലവും പരാശ്രയവും കൂടാതെ സ്വയം ചികിത്സിച്ച് രോഗം മാറ്റുന്നതിനും സഹായിക്കുന്ന മൗലിക പ്രകൃതി തത്ത്വങ്ങളും നിയമങ്ങളുമാണ് അരനൂറ്റാണ്ടിലേറെക്കാലത്തെ അറിവും അനുഭവങ്ങളും ആധാരമാക്കി രചിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ അന്തര്‍ധാര. യോഗശാസ്ത്രത്തെയും പ്രകൃതിചികിത്സയെയും സംബന്ധിച്ച പ്രാഥമിക വിവരങ്ങളും ആസ്ത്മ, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രകൃതിചികിത്സാവിധികളും ആസന - പ്രാണായാമങ്ങളും അഭ്യാസക്രമങ്ങളുമാണ് ഉള്ളടക്കം. 'യോഗ പ്രകൃതി ചികിത്സ'. 20 -ാം പതിപ്പ്. യോഗാചാര്യ ഗോവിന്ദന്‍ നായര്‍. ഡിസി ബുക്സ്. വില 161 രൂപ.
◾കാണാന്‍ ചെറുതാണെങ്കിലും പെരുംജീരകത്തിന്റെ ഔഷധ ഗുണം അത്ര ചെറുതല്ല. വിറ്റാമിന്‍ സി, ഇ, എ, കെ, ഫൈബര്‍, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവ പെരുംജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. മസാലയില്‍ മാത്രമല്ല, പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ പതിവായി കുടിക്കുന്ന ദഹനത്തിനും മലബന്ധത്തെ അകറ്റാനും സഹായിക്കും. മാത്രമല്ല ഗ്യാസിനും വയറുവേദനയയ്ക്കും പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ ശരീരത്തില്‍ അടുഞ്ഞു കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കുന്ന പ്രക്രിയ വേഗത്തിലാക്കും. നാരുകള്‍ ധാരളം അടങ്ങിയിട്ടുള്ളതിനാല്‍ വിശപ്പ് കുറയ്ക്കുകയും അതിലൂടെ അമിത ശരീരഭാരം ഇല്ലാതാവുകയും ചെയ്യുന്നു. പൊട്ടാസ്യത്തിന്റെ കലവറയാണ് പെരുംജീരകം. അതിനാല്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
*ശുഭദിനം*
അവിടെ സംവാദം നടക്കുകയാണ്. ഗുരു ശിഷ്യരോട് ചോദിച്ചു: നിങ്ങള്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാളുടെ കൈതട്ടി ചായ തുളുമ്പിപോയി. എന്തുകൊണ്ടാണ് ചായ തുളുമ്പിയത്? മറ്റൊരാളുടെ കൈതട്ടിയതുകൊണ്ട്: ശിഷ്യരിലൊരാള്‍ പറഞ്ഞു. ഗുരു പറഞ്ഞു: അല്ല, കപ്പില്‍ ചായയുളളതുകൊണ്ട്. ആ കപ്പില്‍ നാരങ്ങവെള്ളം ആയിരുന്നുവെങ്കില്‍ അതായിരിക്കും പുറത്തേക്ക് വരിക.. ഇനി ആ കപ്പിലൊന്നുമില്ലെങ്കില്‍ എത്ര കൈതട്ടിയാലും ഒന്നും പുറത്തേക്ക് വരികയുമില്ല. ജീവിതത്തിലെ അപ്രതീക്ഷിതമായ ഉലച്ചില്‍ ആളുകളുടെ സ്വഭാവം പുറത്ത് കൊണ്ടുവരും. ആരും അകത്തും പുറത്തും ഒരുപോലെയല്ല. പ്രദര്‍ശനസാധ്യതയുളളയിടങ്ങളില്‍ സ്വയം വികൃതമാകാന്‍ ആരും ഇഷ്ടപ്പെടുകയില്ല. അസാധാരണ സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോഴറിയാം അകകാമ്പ് എന്താണെന്ന്. പിടിച്ചുകുലുക്കിയവരെയല്ല, ഇളകിമറിഞ്ഞപ്പോള്‍ തുളുമ്പിപ്പോയവയെയാണ് നിരീക്ഷിക്കേണ്ടത്. കുലുക്കം ഇല്ലാതാക്കാനോ കുലുക്കിയവരെ അപ്രത്യക്ഷമാക്കാനോ നമുക്ക് കഴിയില്ല. ജീവിതം പ്രതിസന്ധിയിലാകുമ്പോഴറിയാം എന്തൊക്കെ തുളുമ്പി പുറത്തേക്ക് വരുന്നുണ്ട് എന്നത്! ജീവിതം നമുക്ക് ചില ഒഴിഞ്ഞകപ്പുകള്‍ കൈമാറും. അതില്‍ എന്തെല്ലാമാണ് നിറയ്ക്കുന്നത് എന്നത് നമ്മിലോരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്. എന്താണ് നിറച്ചത് അത് പുറത്തേക്കൊഴുകും. പുറത്തേക്ക് വരുന്നത് അശുദ്ധമാണെങ്കില്‍ നാം അകം വൃത്തിയാക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു - ശുഭദിനം.