ബീമാപള്ളി ഉറൂസ് ഡിസംബർ 15ന് കൊടിയേറും


**ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ആന്റണി രാജു നിർദേശിച്ചു

ബീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസ് ഡിസംബർ 15ന് കൊടിയേറി 25ന് സമാപിക്കും. തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ബീമാപള്ളി ജമാഅത്ത് കൗൺസിൽ ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മന്ത്രി നിർദേശം നൽകി. മുൻ വർഷങ്ങളിലെ പോലെ തന്നെ ചുമതലാ ബോധത്തോടെ വകുപ്പുകൾ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഉറൂസിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഉത്സവമേഖലയിലേക്കുള്ള പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ നവംബർ അവസാനത്തോടെ പൂർത്തിയാക്കുന്നതിനും റീടാറിംഗ് ആവശ്യമുള്ള സ്ഥലങ്ങളിൽ അടിയന്തരമായി ചെയ്യുന്നതിനും മന്ത്രി നിർദേശം നൽകി. തെരുവ് വിളക്കുകൾ തെളിയിക്കുന്നതിനും അറ്റകുറ്റപ്പണികൾ നവംബർ 10നകം പൂർത്തിയാക്കുന്നതിനും കെ.എസ്.ഇ.ബിയേയും തിരുവനന്തപുരം കോർപ്പറേഷനേയും മന്ത്രി ചുമതലപ്പെടുത്തി.