*സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ചു; 149 തവണ ഒരേ ക്യാമറയില്‍ കുടുങ്ങി, പിഴയൊടുക്കേണ്ടത് 74,500 രൂപ .*

▪️വീട്ടില്‍നിന്ന് സ്വന്തം മരമില്ലിലേക്കുള്ള ദൂരം അരക്കിലോമീറ്റര്‍. ദിവസം രണ്ടും മൂന്നും തവണ കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര. ഓരോ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ.ഐ. ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ സീറ്റ് ബെല്‍റ്റിടാത്ത ചിത്രം സഹിതം നിയമലംഘന നോട്ടീസ് കാറുടമയുടെ പേരിലെത്തി. മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്. ഇതുവരെയിട്ട പിഴ 74,500 രൂപ.

കാസര്‍കോട് ബദിയഡുക്ക ചെന്നാര്‍ക്കട്ട സ്വദേശിനി ഉമൈറ ബാനുവാണ് കെ.എല്‍. 14 വൈ 6737 രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറിന്റെ ഉടമ. തന്റെ പിതാവ് അബൂബക്കര്‍ ഹാജിയാണ് കാര്‍ ഓടിക്കാറുള്ളതെന്ന് അവര്‍ പറഞ്ഞു. 74 വയസ്സുണ്ട് അബൂബക്കര്‍ ഹാജിക്ക്.

രാവിലെ മില്ലിലേക്ക് പോയാല്‍ 10 മണിയോടെ വീട്ടിലേക്കു വരും. അരമണിക്കൂറിനുശേഷം വീണ്ടും പോകും. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി തിരിച്ചെത്തും. വൈകീട്ട് വീണ്ടും പോയി വരും. ഈ യാത്രകളത്രയും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന നിയമലംഘനമായി ക്യമറയില്‍ പതിഞ്ഞു. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 30 വരെയുള്ള കാലയളവിലാണ് 149. അതിനുശേഷമുള്ള കണക്ക് വരാനിരിക്കുന്നതേയുള്ളു.

മൊബൈല്‍ഫോണില്‍ നിരന്തരം സന്ദേശം അയച്ചെങ്കിലും പിഴ അടച്ചില്ല. ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നോട്ടീസ് തപാലില്‍ അയച്ചുതുടങ്ങി. ഓരോ ദിവസവും പോസ്റ്റ്മാന്‍ മൂന്നും നാലും നോട്ടീസുമായി ഇവരുടെ വീട്ടിലെത്തും.മലബാർ ലൈവ്.ഇപ്പോള്‍ മുക്കാല്‍ ലക്ഷത്തോളം രൂപയായി പിഴത്തുക. പണം അടയ്ക്കാമെന്ന് ഉമൈറ ബാനു അറിയിച്ചതായി കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.