നീണ്ട ഇടവേളക്ക് ശേഷം ആറ്റിങ്ങൽ ഉപജില്ലാ കായിക മേളയിൽ കിളിമാനൂർ ഗവ :HSS ഓവറാൾ ചാമ്പ്യന്മാർ

18 ഗോൾഡ് മെഡലുകളും, 20 സിൽവർ മെഡലുകളും,17 ബ്രോൺസ് മെഡലുകളും നേടിയാണ് ഉപജില്ലാ കായികമേളയിൽ കിളിമാനൂർ ഗവൺമെന്റ് എച്ച്എസ്എസ് ഓവറാൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. ആറ്റിങ്ങൽ സബ് ജില്ലയിലെ 19 സ്കൂളുകളിലെ കായിക പ്രതിഭകൾ പങ്കെടുത്ത വിവിധ മത്സരങ്ങളിൽ
സബ് ജൂനിയർ,ജൂനിയർ,സീനിയർ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിഭാഗം മത്സരങ്ങളിൽ വ്യക്തമായ മേധാവിത്വവും പുലർത്തി മുന്നേറുവാനും കിളിമാനൂർ GHSS ലെ കായിക പ്രതിഭകൾക്ക് സാധിച്ചു. 

 ഇതിന് പിന്നിൽ പ്രവർത്തിച്ച ഗസ്റ്റ് അധ്യാപിക ലിജി ടീച്ചറുടെ ആത്മാർത്ഥതയെയും, അർപ്പണബോധത്തെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

 പാറശ്ശാല സ്വദേശിയായ PT അധ്യാപകന്റെ അസാന്നിധ്യത്തിലാണ്
 പിടിഎ യുടെ വേതന വ്യവസ്ഥയിൽ താൽക്കാലിക അധ്യാപികയായി ലിജി ടീച്ചർ സ്കൂളിൽ എത്തുന്നത്.
തുടർന്നുള്ള കുട്ടികളുടെ കായിക പരിശീലന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പ്രതികൂല കാലാവസ്തയെയും, സാഹചര്യങ്ങളെയും അതിജീവിച്ച്, സ്വന്തം കയ്യിലെ പൈസയിൽ നിന്നുപോലും കുട്ടികൾക്ക് ഭക്ഷണവും ദാഹജലവും വാങ്ങി നൽകി കുട്ടികളെ പരിശീലിപ്പിക്കുകയും, ഏറെ നാളുകൾക്ക് ശേഷം കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ് നെ ആറ്റിങ്ങൽ ഉപജില്ലാ കായികമേളയിൽ ഓവറാൾ ചാമ്പ്യൻ പട്ടത്തിലേക്ക് എത്തിച്ച ലിജി ടീച്ചർക്കും, ഇതിനായി സജ്ജരാക്കിയ കൺവീനർ ഷാജി സാറിനും, ദീപ്തി ടീച്ചർക്കും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫുട്ബാളിലും GHSS കിളിമാനൂർ, ആറ്റിങ്ങൽ ഉപജില്ലാ ചാമ്പ്യന്മാർ ആയിരുന്നു.
 താൽക്കാലിക അധ്യാപികയായി ചുമതലയെടുത്ത ലിജി ടീച്ചർ സ്കൂളിൽ നിന്നും വിട പറയേണ്ടി വരുമെന്നോർത്ത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിഷമവും,സങ്കടവും അവരുടെ ഇടറിയ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നതാണ്.