രജനികാന്തിന്റെ പുതിയ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു; അമിതാഭ് ബച്ചനും മഞ്ജുവാര്യരും ഉള്‍പ്പെടയുള്ളവര്‍ പ്രധാന കഥാപാത്രങ്ങള്‍

രജനീകാന്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു. ‘തലൈവര്‍ 170’ എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി.ജെ. ജ്ഞാനവേല്‍ ആണ്. സൂര്യ നായകനായ ‘ജയ് ഭീം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തിരുവനന്തപുരത്ത് വച്ച് നടന്ന പൂജ ചടങ്ങില്‍ രജനീകാന്തിനൊപ്പം നടി മഞ്ജു വാര്യര്‍, പട്ടണം റഷീദ്, ടി.ജെ. ജ്ഞാനവേല്‍ എന്നിവര്‍ പങ്കെടുത്തു. പോലീസ് വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നായിക മഞ്ജു വാരിയര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണത്തിനായി പത്ത് ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാര്‍ഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം നടക്കുന്നത്.
അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍,റിതിക സിങ്, ദുഷാര വിജയന്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചനും രജനീകാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മാണം.