ശബരിമല വികസന അതോറിറ്റി വരുന്നതിൽ തെറ്റില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ

പത്തനംതിട്ട: ശബരിമല വികസന അതോറിറ്റി വരുന്നതിൽ തെറ്റില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. വികസന അതോറിറ്റി വന്നാൽ ശബരിമലയ്ക്ക് കൂടുതൽ ശ്രദ്ധ കിട്ടുമെന്നും അനന്തഗോപൻ പറഞ്ഞു. അരവണ വിഷയത്തിൽ നഷ്ടപരിഹാരം വേണം. ഏഴ് കോടി രൂപ ബോർഡിന് നഷ്ടമുണ്ടായി. പമ്പയിൽ പാർക്കിംഗ് അനുവദിക്കണമെന്നാണ് ബോർഡിന്റെ ആഗ്രഹം.

ദുരന്തനിവാരണ അതോറിറ്റി പമ്പയിലെ പാർക്കിങ്ങിനെ എതിർക്കുകയാണ്. ശബരിമലയിൽ കൂടുതൽ വികസനം വരണം. ക്ഷേത്രങ്ങളിൽ ശാന്തമായ അന്തരീക്ഷമുണ്ടാകണം. ക്ഷേത്രങ്ങളിൽ കായികാഭ്യാസമോ ആയുധ പരിശീലമോ അനുവദിക്കില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ വ്യക്തമാക്കി.ശബരിമലയിലെ പാർക്കിംഗ് പ്രതിസന്ധി ഒഴിവാക്കുമെന്ന് കഴിഞ്ഞദിവസം ദേവസ്വം പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നു. ഇതിനായി നിലയ്ക്കലിൽ എല്ലാ പാർക്കിംഗ് സ്ഥലങ്ങളിലും മെറ്റൽ ഇട്ട് ഉറപ്പിക്കും. പാർക്കിംഗ് ഫീസ് പിരിക്കാൻ ഐസിഐസിഐ ബാങ്കുമായി ചേർന്ന് ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തി. നവംബർ 10ന് മുൻപായി സംവിധാനം പ്രവർത്തന സജ്ജമാക്കും. നിലവിൽ പാർക്കിം​ഗ് ഫീസ് കൂട്ടാൻ തീരുമാനിച്ചിട്ടില്ല. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ഫീസ് പിരിക്കാൻ ആളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഏലയ്ക്ക ഒഴിവാക്കിയാണ് ഇപ്പോൾ അരവണ നിർമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.