കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. മാവോയിസ്റ്റുകള്‍ വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ ചാവച്ചിയില്‍ വെച്ചാണ് സംഭവം. ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു.നായാട്ടു വിരുദ്ധ സ്ക്വാഡിന് അരിയും സാധനങ്ങളും എത്തിക്കാൻ പോയ സംഘത്തിനു നേരെയാണ് മാവോയിസ്റ്റുകൾ വെടിയുതിർത്തത്. ആറളം വന്യജീവി സങ്കേതത്തിന്റെ ഏറ്റവും ഉയർന്ന മേഖലയായ അമ്പലപ്പാറയിലാണ് നായാട്ടു വിരുദ്ധ സ്ക്വാഡ് ക്യാംപ് ചെയ്യുന്നത്. അവിടേക്ക് സാധനങ്ങൾ കൊണ്ടു പോകുകയായിരുന്ന മൂന്നംഗ വനം വാച്ചർമാരുടെ സംഘത്തിനു നേരെയാണ് ഉച്ചയോടെ വെടിവയ്പുണ്ടായത്. മാവോയിസ്റ്റുകളുടെ മുന്നിൽപെട്ട വനം വാച്ചർമാരുടെ സംഘം തിരിഞ്ഞോടിയപ്പോഴാണ് വെടിവയ്പുണ്ടായതെന്നാണു ലഭിക്കുന്ന വിവരം. കോളനിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട താൽക്കാലിക വാച്ചർമാരാണ് വനപാലക സംഘത്തിൽ ഉണ്ടായിരുന്നത്.