ഔട്ടർ റിംഗ് റോഡിന് ഭൂമി വിട്ടുകൊടുത്തവർ സമരത്തിൽ. നാവായിക്കുളം വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിന് ഭൂമി നല്‍കിയവരാണ് പ്രതിസന്ധിയിലായത്. തിരുവനന്തപുരം വള്ളപ്പിലെ ദേശീയ പാത അതോറിറ്റിയുടെ താൽക്കാലിക ഓഫീസ് ജനകീയ സമിതി ഉപരോധിച്ചു.സ്വപ്നപദ്ധതിക്ക് ഭൂമി വിട്ടുകൊടുത്തവർ പെരുവഴിയിലായിരിക്കുകയാണ്. കിടപ്പാടത്തിനായും മക്കളുടെ കല്യാണം നടത്താനും അധികാരികള്‍ക്ക് മുന്നില്‍ കയറി ഇറങ്ങുകയാണ് ഇവർ ഇപ്പോൾ. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി വീടുവിട്ടിറങ്ങിയവരും, താമസിക്കാൻ മറ്റൊരിടത്ത് അഡ്വാൻസ് നൽകി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ പട്ടയം ഉൾപ്പെടെയുള്ള രേഖകൾ കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്നാണ് ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചത്. ജനവാസകേന്ദ്രത്തിനകത്തും പുറത്തുമായി 348 ഹെക്ടർ ഭൂമിയാണ് റിംഗ് റോഡിനായി വേണ്ടത്. കഴിഞ്ഞ ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത പദ്ധതിയുടെ കരാറും എങ്ങുമെത്തിയില്ല. നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കമാണ് കാലതാമസത്തിന് പിന്നിൽ.