ചരിത്ര സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ്. അവധി ദിവസങ്ങളിലും ഉത്സവ സീസണിലും വലിയ തിരക്ക് അനുഭവപ്പെടുന്നത് അപകടത്തിന് ഇടയാക്കുമെന്ന് കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനമെന്ന് പൊലീസ് പ്രതിനിധികൾ താലൂക്ക് വികസനസമിതി യോഗത്തിൽ അറിയിച്ചു.
ഒരേസമയം പരമാവധി 150 പേർക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് നീക്കം. കഴിഞ്ഞ ഓണക്കാലത്ത് വൈകുന്നേരങ്ങളിൽ പാലത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള പാലത്തിൽ ഒരേസമയം കൂടുതൽ ആളുകളെ കയറ്റുന്നത് അപകടത്തിനിടയാക്കും. അതുകൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതരുടെ തീരുമാനമുള്ളത്.