ഒരു സിനിമയുടെ വിജയത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷനുകളാണ്. മുതൽ മുടക്കിന്റെ ഇരട്ടിയിലധികം നേടിയ ചിത്രങ്ങളും മുതൽ മുടക്ക് പോലും കിട്ടാത്ത ചിത്രങ്ങളും ഉണ്ടാകാറുണ്ട്. തിയറ്ററിൽ പരാജയം നേരിട്ട സിനിമകൾ ബോക്സ് ഓഫീസ് നേട്ടം കൊയ്ത സിനിമകളും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിലവില്‍ മുൻകാല റൊക്കോഡുകള്‍ തകർത്തെറിഞ്ഞ് മുന്നേറുന്ന കാഴ്ചയാണ് തമിഴ് ബോക്സ് ഓഫീസിൽ കാണാൻ സാധിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാമനായി തുടരുന്നൊരു ചിത്രം ഉണ്ട് തമിഴിൽ.രജനികാന്ത് നായകനായി എത്തിയ 2.0 ആണ് ആ ചിത്രം. യന്തിരൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്തതും എസ് ശങ്കർ ആയിരുന്നു. ചിത്രത്തിന്റെ വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ 660.3 കോടിയാണ് എന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഈ വർഷം റിലീസ് ചെയ്ത രജനികാന്ത് ചിത്രമാണ് എന്നത് ശ്രദ്ധേയമാണ്. ജയിലർ ആണ് ഈ ചിത്രം. ജയിലറിന് മുൻപ് വൻ സിനിമകൾ റിലീസ് ചെയ്തെങ്കിലും അവയെ എല്ലാം പിന്തള്ളിയാണ് ഈ നേട്ടം രജനി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 604.4 കോടിയാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആകെ കളക്ഷൻ എന്ന് ട്രാക്കർന്മാർ പറയുന്നു.
മൂന്നാം സ്ഥാനത്ത് മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ആണ്. 496.2 കോടിയാണ് ഈ സിനിമയുടെ ആകെ കളക്ഷൻ. നാലാം സ്ഥാനത്ത് കമൽഹാസന്റെ വിക്രം എന്ന ചിത്രമാണ്. 423.8കോടിയാണ് ഇതിന്റെ കളക്ഷൻ. അഞ്ചാം സ്ഥാനത്ത് പൊന്നിയിൻ സെൽവൻ 2 ആണ്. 343.5കോടിയാണ് ഈ ചിത്രത്തിന്റെ കളക്ഷൻ.
300.8 കോടിയുമായി വിജയിയുടെ ബിഗിൽ ആണ് ആറാം സ്ഥാനത്ത്. ഏഴാം സ്ഥാനത്ത് 294.2 കോടിയുമായി രജനികാന്ത് ചിത്രം കബാലിയാണ്. 292.8 കോടിയുമായി വാരിസ്, 290 കോടിയുമായി എന്തിരൻ, 249 കോടിയുമായി സർക്കാർ, 246.9 കോടിയുമായി മെർസൽ, 245 കോടിയുമായി മാസ്റ്റർ എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങളിലുള്ള തമിഴ് സിനിമകൾ. മികച്ച കളക്ഷൻ നേടിയ പത്ത് സിനിമകളാണ് മുകളിൽ സൂചിപ്പിച്ചത്. ഇവയിൽ ഒന്നിൽ പോലും അജിത്, സൂര്യ ചിത്രങ്ങൾക്ക് ഇടംനേടാനായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നാം ലിയോ. ചിത്രം ഒക്ടോബർ 19ന് റിലീസ് ചെയ്യും. ലോകേഷ് കനകരാജ് ആണ് സംവിധാനം. റിപ്പോർട്ടുകള് പ്രകാരം 250 – 300 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം മുൻ പറഞ്ഞ റെക്കോർഡുകളെ മറികടക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.