*സ്വര്‍ഗത്തില്‍ ഒരു പുതിയ ഗസ്സ നിര്‍മിക്കപ്പെടും; അവിടെ അനശ്വര സ്‌നേഹത്തെ കുറിച്ച് പാടുന്നവരെല്ലാം ഗസ്സക്കാരായിരിക്കും*

ഏഴാം സ്വര്‍ഗത്തിലാണ് നമ്മളിപ്പോള്‍. അവിടെ ഒരു പുതിയ നഗരം നിര്‍മിക്കപ്പെടും. അവിടെ അനശ്വര സ്‌നേഹത്തെ കുറിച്ച് പാടുന്നവരെല്ലാം ഗസ്സക്കാരായിരിക്കും’….ഇന്നലെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കൊലപ്പെടുന്നതിനു മുമ്പ് ഫലസ്തീന്‍ കവയിത്രി ഹിബ കമാല്‍ അബു നദ കുറിച്ചിട്ട വരികളാണിത്. മരണത്തെ അഭിമുഖീകരിക്കവേ ഹിബ എഴുതിയ വരികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ബന്ദികളാക്കപ്പെടുകയും കടുത്ത വേദനകള്‍ അനുഭവിക്കുകയും ചെയ്ത, ചെയ്യുന്ന ഫലസ്തീന്‍ സഹോദരന്മാരെ മുന്‍നിര്‍ത്തി ഹിബ *ഇങ്ങനെ എഴുതി:*
ഏഴാം സ്വര്‍ഗത്തിലാണ് നമ്മളിപ്പോള്‍. അവിടെ ഒരു പുതിയ നഗരം നിര്‍മിക്കപ്പെടും. രക്തത്തില്‍ കുളിച്ച വസ്ത്രങ്ങളില്‍ നിലവിളിക്കുന്ന രോഗികളും ഡോക്ടര്‍മാരും അവിടെയുണ്ടാകില്ല. കുട്ടികളോട് ദേഷ്യപ്പെടുന്ന അധ്യാപകരോ ദുഃഖിക്കുകയും വേദനിക്കുകയും ചെയ്യുന്ന കുടുംബങ്ങളോ ഉണ്ടാകില്ല. ആ സ്വര്‍ഗലോകം റിപോര്‍ട്ടര്‍മാര്‍ കാമറയില്‍ പകര്‍ത്തിക്കൊണ്ടിരിക്കും. അനശ്വരമായ സ്‌നേഹത്തെ കുറിച്ച് പാടുന്നവരെല്ലാം ഗസ്സ നിവാസികളായിരിക്കും. അവരെല്ലാം ചേര്‍ന്നാണ് സ്വര്‍ഗത്തില്‍ പുതിയ ഗസ്സ പണിയുക, ഉപരോധങ്ങളില്ലാത്ത ഗസ്സ.’
ഇപ്പോള്‍ സ്വര്‍ഗത്തിലെ ഗസ്സയിലിരുന്ന് ശാശ്വതമായ സ്‌നേഹത്തെ കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയാകും ഹിബയെന്ന് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു
ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇന്നലെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിലാണ് 32കാരിയായ ഹിബ കൊല്ലപ്പെട്ടത്. ‘മരിച്ചവര്‍ക്കല്ല ഓക്‌സിജന്‍’ എന്ന നോവലിന് ഹിബക്ക് ഷാര്‍ജ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.