സർക്കാർ വകുപ്പുകളിലേക്കും കോർപറേഷനുകളിലേക്കും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ കെഎസ്ആർടിസി ജീവനക്കാർക്ക് അനുമതി നൽകിയതോടെ അപേക്ഷകളുടെ പ്രളയം. അപേക്ഷ കെഎസ്ആർടിസി ജില്ലാ ഓഫിസിൽനിന്നു കേന്ദ്ര ഓഫിസിലേക്കു കൈമാറാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കേ, അപേക്ഷകരുടെ എണ്ണം അനൗദ്യോഗിക കണക്കുകൾ പ്രകാരം 5000 കവിഞ്ഞു. ജില്ലാ ഓഫിസുകളിൽനിന്നു ക്രോഡീകരിച്ച കണക്കുകൾ എത്തുമ്പോൾ ഇത് ഇനിയും കൂടുമെന്നു ചീഫ് ഓഫിസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. 26000 ജീവനക്കാരാണു കെഎസ്ആർടിസിയിലുള്ളത്.
കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കളും ഡെപ്യൂട്ടേഷന് അപേക്ഷിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ ദുരിതാവസ്ഥയുടെ നേർസാക്ഷ്യമാകുകയാണ് അപേക്ഷകളുടെ എണ്ണം. ബവ്റിജസ് കോർപറേഷനിലേക്കാണു കൂടുതൽ പേരും ഡെപ്യൂട്ടേഷന് അപേക്ഷിച്ചിരിക്കുന്നത്. ബവ്കോയിൽ ഡെപ്യൂട്ടേഷനിൽ പോയാൽ കെഎസ്ആർടിസിയിൽ വാങ്ങിയിരുന്ന ശമ്പളം മാസത്തിന്റെ അവസാന പ്രവൃത്തിദിവസം വാങ്ങാനാകും. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവർക്ക് ഒരു മാസത്തിന്റെ പകുതിയായാലും തലേമാസത്തെ ശമ്പളം ലഭിക്കാറില്ല. സർക്കാർ സഹായം നൽകിയാൽ മാത്രമേ ശമ്പള വിതരണം സാധ്യമാകു.
ബവ്റിജസ് കോർപറേഷനിലെ ഡെപ്യൂട്ടേഷൻ വിഷയത്തിൽ ജൂലൈ പത്താം തിയതി മുഖ്യമന്ത്രിയോഗം വിളിച്ചിരുന്നു. ബവ്റിജസ് കോർപറേഷനിലെ ഓഫിസ് അറ്റൻഡന്റ്, ഷോപ്പ് അറ്റൻഡന്റ്, എൽഡി ക്ലർക്ക് തസ്തികകളിൽ ഡെപ്യൂട്ടേഷന് അനുമതി നൽകി. 263 തസ്തികളിൽ ഒരു വർഷത്തേക്കോ പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്നും ഉദ്യോഗാർഥികൾ വരുന്നതുവരെയോ ആയിരിക്കും നിയമനം. ഇതനുസരിച്ചാണു കെഎസ്ആർടിസി ജീവനക്കാർ കൂട്ടത്തോടെ അപേക്ഷ അയച്ചത്.
ഡെപ്യൂട്ടേഷന്‍ ലഭിച്ചാലും 6 മാസത്തേക്ക് മാത്രമേ ബവ്റിജസ് കോർപറേഷനിൽ ജോലി ചെയ്യാൻ കഴിയൂ. കമ്പനി–ബോർഡ്–കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വനിതകൾക്കും ഭിന്നശേഷിക്കാർക്കും ഒഴികെയുള്ളവർക്കു സൈക്ലിങ് പരീക്ഷ നടന്നു. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുശേഷം രണ്ടു മാസത്തിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആറുമാസത്തിനകം അഡ്വൈസ് അയച്ചു നിയമന നടപടികൾ ആരംഭിക്കും.