തമിഴകത്തിന്റെ സ്റ്റൈൽ മന്നനാണ് രജനീകാന്ത്. വേറിട്ട അഭിനയ മികവ് കൊണ്ടും സ്റ്റൈൽ കൊണ്ടും ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ ആളാണദ്ദേഹം. തന്റെ നിശ്ചയദാർണ്ഡ്യവും കഴിവും കൊണ്ട് തമിഴ് സിനിമയിൽ തന്റേതായൊരിടം അടയാളപ്പെടുത്തിയ നടനാണ് രജനീകാന്ത്. വൻ ആരാധക പിന്തുണയാണ് നടനുള്ളത്. രജനീകാന്തിന്റെ സിനിമകളെല്ലാം ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.സ്ക്രീനിൽ കാണുന്ന ആളിൽ നിന്നും വ്യത്യസ്തമായി വ്യക്തി ജീവിതം വളരെ ലളിതമായി നയിക്കാൻ ഇഷ്ട്ടപ്പെടുന്നയാളാണ് രജനീകാന്ത്. മാത്രമല്ല തന്റെ എല്ലാ സിനിമകളുടെയും റിലീസിന് മുന്നോടിയായി അദ്ദേഹം ഒരു യാത്ര പോകാറുണ്ട്. അത് പലപ്പോഴും ഹിമാലയത്തിലേക്ക് ആണെന്ന് മാത്രം. ആത്മീയ യാത്രയാണ് അദ്ദേഹം തെരഞ്ഞെടുക്കാറുള്ളത്. അതിപ്പോൾ സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും ഇവിടെ തന്നെ ആയിരിക്കും അദ്ദേഹം സമയം ചെലവഴിക്കുക. ജയിലർ സിനിമ ഇറങ്ങുന്നതിന് മുൻപും ഇദ്ദേഹം ഇവിടെ എത്തിയിരുന്നു. ഈ യാത്രകളിലൊക്കെ രജനീകാന്തിനെ കാണുന്ന ആരാധകർക്ക് അബദ്ധവും പറ്റാറുണ്ട്. അങ്ങനെയൊരു യാത്രയിൽ രജനീകാന്തിനെ ഭിക്ഷക്കാരനാണെന്ന് തെറ്റിദ്ധരിച്ച സംഭവം വരെ ഉണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ഒരിക്കൽ ഒരു അമ്പലത്തിൽ പോയപ്പോൾ മേക്കപ്പോ താര പരിവേഷമോ ഒന്നുമില്ലാതെ അവിടുത്തെ തൂണിന് സമീപം ഇരിക്കുകയായിരുന്ന രജനീകാന്തിനെ യാചകനെന്ന് തെറ്റിദ്ധരിച്ച് ഒരു സ്ത്രീ 10 രൂപ നൽകി. ആ പത്ത് രൂപ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പിന്നീടാണ് സ്ത്രീയ്ക്ക് അബദ്ധം മനസ്സിലാകുന്നത്. പിന്നീട് അവർ ചെന്ന് ക്ഷമ ചോദിക്കുകയും ഒരു പുഞ്ചിരിയോട് കൂടി അദ്ദേഹം അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ഈ സ്ത്രീ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.