തിരുവനന്തപുരം : കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പതിനഞ്ചുകാരനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജഡ്ജി പി വി ബാലകൃഷ്ണനാണ് ജാമ്യാപേക്ഷ തള്ളിയത്.
ആഗസ്ത് 30-ന് വൈകിട്ട് അഞ്ചരയ്ക്ക് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. പത്താം ക്ലാസുകാരൻ ആദി ശേഖറാണ് മരിച്ചത്.
അപകടമരണമാണെന്നാണ് ആദ്യം കരുതിയത്. ക്ഷേത്രത്തിനുമുന്നിലൂടെ സൈക്കിളിൽ സഞ്ചരിച്ച ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ഏപ്രിലിൽ പ്രിയരഞ്ജൻ ക്ഷേത്രത്തിന്റെ മതിലിൽ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സൈക്കിളിൽ പോവുകയായിരുന്ന ആദിശേഖറിനെ കാറിടിപ്പിച്ച് കൊല്ലാൻ പ്രിയരഞ്ജനെ പ്രേരിപ്പിച്ചതെന്നാണ് കേസ്.
കൊലപാതകമല്ലെന്നും വാഹനാപകടമാണെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കുട്ടിയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കാർ മുന്നോട്ടെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. ടി ഗീനാകുമാരി വാദിച്ചു. ഇതംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.