വെഞ്ഞാറമൂട് :കാൽതെറ്റി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

വെഞ്ഞാറമൂട് : കാൽതെറ്റി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വെമ്പായം വേറ്റിനാട് ഈന്തിവിള പ്രിയത്തിൽ അശോകനാ(54)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് വെമ്പായത്തുനിന്നും വീട്ടിലേക്കു പോകുന്നതിനിടെ വേറ്റിനാട് മണ്ഡപത്തിനു സമീപം കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നു. ഒരാൾ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ തുടങ്ങിയെങ്കിലും വെളിച്ചക്കുറവും മഴയും ശക്തമായ ഒഴുക്കും കാരണം തുടരാനായിരുന്നില്ല.

വെള്ളിയാഴ്ച രാവിലെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തിരച്ചിലിലാണ് സംഭവസ്ഥലത്തുനിന്ന്‌ രണ്ട്‌ കിലോമീറ്റർ മാറി കട്ടയ്ക്കാൽ ഭാഗത്ത് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് വട്ടപ്പാറ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു.