ഹിറ്റ് സിനിമകളുടെ നിർമാതാവ് പി വി ഗംഗാധരൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. 1977 ൽ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരൻ നിർമിച്ച ആദ്യ ചിത്രം. പിന്നീട് അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, തൂവൽക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999) കൊച്ചു കൊച്ചു സന്തോഷങ്ങൾ (2000) ശാന്തം (2000) അച്ചുവിന്റെ അമ്മ (2005) യെസ് യുവർ ഓണർ (2006) നോട്ട്ബുക്ക് (2006) എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളിലൂടെയാണ് പി.വി.ജി. സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായത്. ദേശീയ, സംസ്ഥാനതലങ്ങളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹം നിര്‍മിച്ച ചിത്രങ്ങള്‍ നേടി. 2000ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം നിര്‍മിച്ച ‘ശാന്ത’ത്തിനായിരുന്നു. 1997ല്‍ ‘കാണാക്കിനാവ്’ എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ‘ഒരു വടക്കന്‍ വീരഗാഥ'(1989) ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍'(1999), ‘അച്ചുവിന്റെ അമ്മ'(2005) ‘നോട്ട്ബുക്ക്'(2006) എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചു. വിവിധചിത്രങ്ങള്‍ ഫിലിംഫെയര്‍ അവാര്‍ഡുകളും പല തവണയായി സ്വന്തമാക്കി.