ജഡ്ജിമാര്‍ ദൈവങ്ങളല്ല; കോടതിയില്‍ കൂപ്പുകൈയോടെ വാദിക്കേണ്ട: ഹൈക്കോടതി

അഭിഭാഷകരും ഹർജിക്കാരും കൂപ്പുകൈയോടെ വാദിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ഭരണഘടനാപരമായ അവകാശത്തിനുവേണ്ടിയാണ് അഭിഭാഷകരും ഹർജിക്കാരും വരുന്നത്. നീതിയുടെ ദേവാലയമാണെങ്കിലും കോടതിയിൽ ഇരിക്കുന്നത് ദൈവങ്ങളല്ല. ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്ന ജഡ്ജിമാരാണ്. എന്നാൽ ഹർജിക്കാരും അഭിഭാഷകരും വാദിക്കുമ്പോൾ കോടതിയുടെ അന്തസ്സ് പാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ അഭിപ്രായപ്പെട്ടു. 

പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ആലപ്പുഴ സ്വദേശിക്കെതിരെ റജിസ്റ്റർ ചെയ്‌ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ആലപ്പുഴ നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്‌ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

കേസിന്റെ റജിസ്ട്രേഷനിലേക്ക് നയിച്ച വസ്തുതകളെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാൻ ആലപ്പുഴ എസ്പിക്ക് ഹൈക്കോടതി നിർദേശം നൽകി. നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നേരിട്ടു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രാർഥനാ ഹാളിൽനിന്നുള്ള ശബ്ദ മലിനീകരണത്തിനെതിരെ പരാതി നൽകിയെന്നും, ഇതിലെ തുടർ നടപടി അറിയാൻ ഇൻസ്പെക്ടറെ വിളിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും പരാതിക്കാരി വ്യക്തമാക്കി. ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർക്കെതിരെ എസ്പിക്കും ഐജിയ്ക്കും പൊലീസ് കംപ്ലയന്റ് അതോറിറ്റിക്കും പരാതി നൽകി. ഇതിലുള്ള വൈരാഗ്യം നിമിത്തമാണ് താൻ ഇൻസ്പെക്ടറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നുമാരോപിച്ച് കേസെടുത്തതെന്ന് ഹർജിക്കാരി വാദിച്ചു.

ഇൻസ്പെക്ടർക്കെതിരെ ഹർജിക്കാരി പരാതി നൽകിയശേഷമാണ് അസഭ്യം പറഞ്ഞെന്ന കേസെടുത്തതെന്ന് കോടതി വിലയിരുത്തി. സാധാരണഗതിയിൽ നമ്മുടെ സമൂഹത്തിൽ ഇത്തരമൊരു സംഭവം നടന്നെന്ന് വിശ്വസിക്കാനാവില്ല. ജനങ്ങൾ പൊതുവേ പൊലീസിനെ ബഹുമാനിക്കുന്നവരാണ്. പരാതിക്കാരിയുടെ വാദം സത്യമെങ്കിൽ ഉദ്യോഗസ്ഥൻ പ്രത്യാഘാതം അനുഭവിക്കണം. സർവീസിലുണ്ടെങ്കിൽ വകുപ്പുതല അന്വേഷണം അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി