കൊച്ചി: ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. അദ്വൈതിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് വരുമ്പോഴായിരുന്നു അപകടം. കൊച്ചിയിൽ നിന്നും മടങ്ങി വരുന്നതിനിടെ റൈറ്റിലേക്കാണ് പോകേണ്ടിയിരുന്നത്, എന്നാൽ ഗൂഗിൾമാപ്പ് ലെഫ്റ്റിലേക്ക് വഴികാണിച്ചെന്നും അങ്ങോട്ട് തിരിഞ്ഞപ്പോഴാണ് അപകടമുണ്ടായതെന്നും അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നു. കൊച്ചിയിൽ നിന്ന് വടക്കൻ പറവൂരിൽ വന്ന് പൂത്തുകുന്നം വഴിയാണ് കൊടുങ്ങല്ലൂരിലേക്ക് പോവുക. അപകടം നടന്ന ഗോതുരുത്തിയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകണമെങ്കിൽ വലതുവശത്തേക്കാണ് പോകേണ്ടത്. എന്നാൽ ഗൂഗിൾ മാപ്പിൽ ഇടതുവശത്തേക്ക് വഴി കാണിച്ചുവെന്നാണ് പറയുന്നത്. ഈ വഴിയിലൂടെ കാർ വേഗതയിലെത്തി പുഴയിലേക്ക് മറിയുകയായിരുന്നു. വെള്ളക്കെട്ടാണെന്ന് കരുതിയാണ് കാർ മുന്നോട്ടെടുത്തത്. എന്നാൽ കാർ പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറയുന്നു. പുഴയുടെ നടുഭാഗത്തായിരുന്നു കാറുണ്ടായിരുന്നത്. മൂന്നുപേർ പുഴയിലും രണ്ടുപേർ കാറിനുള്ളിലുമായിരുന്നു. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്. കാറിനുള്ളിൽപെട്ടവരാണ് മരണത്തിന് കീഴടങ്ങിയത്. കാർ പുറത്തെടുക്കാൻ ഒന്നരമണിക്കൂറോളം എടുത്തു. മെഡിക്കൽ വിദ്യാർത്ഥികളും നേഴ്സുമായിരുന്നു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മൂന്നുപേർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഗൂഗിൾ മാപ്പ്നോക്കിയാണ് ഇവരുടെ യാത്രയെന്ന് പൊലീസ് പറയുന്നത്. പരിചയക്കുറവുള്ള സ്ഥലമായതിനാൽ അപകടത്തിൽ പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.