ഏഷ്യൻ ഗെയിംസ്: റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ഏഷ്യൻ ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടിയെത്തിയ റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. 400 മീറ്റർ റിലേയിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ എന്നിവർക്കും, വനിതകളുടെ 400 മീറ്റർ റിലേയിൽ വെള്ളി നേടിയ ടീമിലെ ഐശ്വര്യ മിശ്രയ്ക്കുമായിരുന്നു സ്വീകരണം. തിരുവനന്തപുരം എൽഎൻസിപിഇയുടെ നേതൃത്വത്തിലാണ് താരങ്ങളെ സ്വീകരിച്ചത്.ഹാങ്ങ് ചൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ നേടിയ 400 മീറ്റർ റിലേ ടീം അംഗങ്ങളും മലയാളികളുമായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ എന്നിവരും വനിതകളുടെ 400 മീറ്റർ റിലേയിൽ വെള്ളിനേടിയ ഐശ്വര്യ മിശ്രയും ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എൽ.എൻ.സി.പി.ഇ റീജിയണൽ മേധാവി ഡോ ജി കിഷോറിന്റെ നേതൃത്വത്തിൽ താരങ്ങളെ സ്വീകരിച്ചു.

വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിൽ മികച്ച വിജയം കൈവരിക്കുകയാണ് അടുത്തലക്ഷ്യമെന്ന് മുഹമ്മദ് അജ്മലും, മുഹമ്മദ് അനസും. രാജ്യത്തിനായി വെള്ളി നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് ഐശ്വര്യ മിശ്ര പറഞ്ഞു. അതേസമയം ഏഷ്യൻ ഗെയിംസിൽ മെഡൽ ജേതാക്കളായ നാലുപേർ കൂടി നാളെ തിരുവനന്തപുരത്ത് എത്തും.