ആറ്റിങ്ങൽ: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "തിരികെ സ്കൂളിലേക്ക്" എന്ന പഠനക്ലാസിൽ പങ്കെടുക്കാൻ എത്തിയതാണ് വിഘ്നേശ്വര അയൽക്കൂട്ടത്തിലെ 65 കാരിയായ അനിലകുമാരി അമ്മ. രാവിലെ കൃത്യം 9 മണിക്ക് തന്നെ എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായ മകന്റെ കൈയ്യും പിടിച്ച് അനിലകുമാരിയമ്മ ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലെത്തി. അസംബ്ലിയിൽ പങ്കെടുത്ത് പ്രതിജ്ഞാ വാചകം ഏറ്റുചൊല്ലിയ ശേഷം കൈയ്യിൽ കരുതിയ ബാഗുമായി ക്ലാസ് മുറിയിലേക്ക് പ്രവേശിച്ചു. വൈകുന്നേരം വരെ നീണ്ട പഠനത്തിന് ഇടക്ക് കിട്ടിയ ഇടവേളയിൽ ഉപ്പിലിട്ട നെല്ലിക്കയും, ബോംബെ മിഠായിയും സഹപാഠികളോടൊപ്പം പങ്കിട്ടു കഴിച്ചു. മകനെ പഠിപ്പിക്കാനും കുടുംബം പോറ്റാനും വേണ്ടി പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ ബേക്കറി ജോലിക്കാരിയുടെ കുപ്പായമണിഞ്ഞ ഈ അമ്മക്ക് തിരികെ സ്കൂളിലെത്തിയപ്പോൾ കടന്നുപോയ ബാല്യവും കൗമാരവും തിരിച്ചുപിടിച്ച സന്തോഷമായിരുന്നു. പഠിത്തം കഴിഞ്ഞ് പടിയിറങ്ങി മകന്റെ കരം കരുതലോടെ പിടിച്ച് നടന്നകലുമ്പോഴും അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് വാതോരാതെ മകനോട് പറഞ്ഞു കേൾപ്പിക്കുന്ന ഒരു കുസൃതി കുറുമ്പിനെ ആ അമ്മയിൽ കാണാൻ കഴിഞ്ഞു.