ദേശീയ ഗെയിംസില്‍ നിന്ന് വോളിബോള്‍ ഒഴിവാക്കിയ നടപടി; ഹർജി പരിഗണിക്കും

കൊച്ചി: ഗോവയില്‍ നടക്കുന്ന 37ാമത് ദേശീയ ഗെയിംസില്‍ നിന്ന് വോളിബോള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദേശീയ ഒളിമ്പിക് വോളിബോള്‍ അസോസിയേഷനുകളും ദേശീയ ഗെയിംസ് സംഘാടക സമിതിയും ഇന്ന് വിശദീകരണം നല്‍കിയേക്കും. നാല് വോളിബോള്‍ താരങ്ങളും കോച്ചുമാരും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

വോളിബോള്‍ ഒഴിവാക്കിയ അഡ്‌ഹോക് കമ്മിറ്റി തീരുമാനം നിയമ വിരുദ്ധമാണെന്നും താരങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് ഹര്‍ജിക്കാരുടെ ആക്ഷേപം. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കാത്തതിനാല്‍ മികച്ച എട്ട് ടീമുകളെ കണ്ടെത്താനായില്ലെന്നും അതിനാലാണ് വോളിബോള്‍ ഒഴിവാക്കിയതെന്നുമാണ് അഡ്‌ഹോക് കമ്മിറ്റി സ്വീകരിച്ച നിലപാട്.

എന്നാല്‍ നടപടി വിവേചനപരവും താരങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ആനന്ദ്, അല്‍ന രാജ്, റോലി പഥക് അടക്കമുള്ള താരങ്ങളാണ് കോടതിയെ സമീപിച്ചത്.