രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തില്‍

ഒന്‍പത് ദിവസത്തെ ഇടവേളക്ക് ശേഷം സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടുമിറങ്ങുന്നു. ഇന്ന് രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ കരുത്തരായ ജംഷ്ഡപൂര്‍ എഫ്സി. ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിയോട് 2-1ന് ജയിച്ചതിന്റെ ആവേശം ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ കെട്ടടങ്ങയിട്ടില്ല. ആ ആത്മവിശ്വാസത്തിന്റെ കരുത്തുമായി ബ്ലാസ്റ്റേഴ്സ് വീണ്ടുമിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി ഗ്യാലറി മഞ്ഞയില്‍ പുതയും.3 പോയിന്റുമായി അഞ്ചാം പടിയിലാണ് ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് സമനിലയില്‍ കുരുങ്ങി ജംഷഡ്പൂര്‍ എഫ്സി ഏഴാം സ്ഥാനത്തും. ഇതുവരെ 14 മത്സരങ്ങളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. പകുതി മത്സരങ്ങളും സമനിലയിലായി. വിജയക്കണക്കില്‍ ബ്ലാസ്റ്റേഴ്സിന് മുന്‍തൂക്കമുണ്ട് (4). മൂന്ന് മത്സരങ്ങള്‍ ജംഷഡ്പൂര്‍ ജയിച്ചു. ആദ്യ മത്സരത്തിലെ അതേ ഇലവനെ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സും ഇന്നും പരീക്ഷിക്കുക. പരിക്ക് മാറി പരിശീലനം പുനരാരംഭിച്ച ദിമിത്രിയോസ് ഡയമന്റകോസ് തിരിച്ചെത്തിയാല്‍ ആദ്യ ഇലവനില്‍ സ്ഥാനമുറപ്പാണ്. ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞ കെ.പി രാഹുലും ബ്രൈസ് മിറാന്‍ഡയും തിരിച്ചെത്തിയെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ഇഷാന്‍ പണ്ഡിത, സൗരവ് മൊണ്ഡല്‍ എന്നിവരുടെ പരിക്ക് ഇതുവരെ ഭേദമായില്ലെന്ന സൂചനയും ടീം ക്യാമ്പ് നല്‍കുന്നു. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ബെംഗളൂരു എഫ്സിക്കെതിരെ നാല് സേവുകള്‍ ഉള്‍പ്പെടെ മികച്ച പ്രകടനംനടത്തിയിരുന്നു.