തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ശ്‌മശാന ജീവനക്കാരന്‍; മൃതദേഹം സംസ്‌ക്കരിക്കാതെ കിടത്തിയത് ഒന്നര മണിക്കൂര്‍

തിരുവനന്തപുരത്ത് ശ്മശാന ജീവനക്കാരൻ മദ്യലഹരിയിലായതോടെ പകരം ആളെ എത്തിച്ച് മൃതദേഹം സംസ്കരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ശ്മശാനത്തിലായിരുന്നു സംഭവം. വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കാൻ എത്തിച്ച മൃതദേഹം മണിക്കൂറുകളാണ് പുറത്ത് കിടത്തേണ്ടി വന്നത്. ചായ്‌ക്കോട്ടുകോണം, സ്വദേശി തങ്കപ്പൻ (78) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ മാറനല്ലൂർ വൈദ്യുതി ശ്മാശാനം അധികൃതരുമായി ബന്ധപ്പെട്ട് സംസ്കാരത്തിനായി വൈകിട്ട് നാല് മണിക്ക് സമയം മുൻകൂട്ടി അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹവുമായി സ്ഥലത്തെത്തുമ്പോഴാണ് ശ്മശാന ജീവനക്കാരെ മദ്യലഹരിയിൽ കണ്ടെത്തിയത്. ജീവനക്കാരനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചിട്ടും നിലത്ത് കാലൂന്നാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.തുടർന്ന് ബന്ധുക്കൾ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തൈക്കാട് ശാന്തികവാടത്തിലെ ഇലക്ട്രിക് ശ്മശാനം പ്രവർത്തിപ്പിക്കുന്നയാളെ വിളിച്ചുവരുത്തി അന്ത്യകർമം നടത്തി മൃതദേഹം സംസ്കരിക്കുകയായിരുന്നു.