പമ്പിൽ ഇങ്ങനെ ബൈക്ക് 'ഇരപ്പിക്കല്ലേ', പറഞ്ഞത് 'പ്രകോപിപ്പിക്കലായി'; ആളെ കൂട്ടിയെത്തി ജീവനക്കാരെ തല്ലിച്ചതച്ചു

തുരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ ഗുണ്ടാ ആക്രമണം. ബൈക്ക് ഇരപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് അക്രമത്തിലെത്തിയത്. പമ്പിലെ മാനേജർക്കും അക്രമി സംഘത്തിലെ ഒരാൾക്കും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് ഉള്ളൂർ സിവിൽ സപ്ലൈസ് പമ്പിൽ പെട്രോളടിക്കാനായി യുവാവ് ബൈക്കിലെത്തുന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ ബൈക്ക് അനാവശ്യമായി ഇരപ്പിച്ചപ്പോള്‍ പമ്പ് ജീവനക്കാർ വിലക്കി. തുടർന്ന് വാക്കുതർക്കമായി.കുപിതനായി യുവാവ് പമ്പിൽ നിന്ന് മടങ്ങി. അൽപ്പസമയം കഴിഞ്ഞ് ഇയാൾ രണ്ടു പേരെ കൂട്ടി വീണ്ടുമെത്തി. നേരത്തേ ബൈക്ക് ഇരപ്പിച്ചത് വിലക്കിയ ജീവനക്കാരൻ വിശാഖിനെ ഇവര്‍ വളഞ്ഞിട്ട് ആക്രമിച്ചു. പിടിച്ചു മാറ്റാനെത്തിയ മറ്റ് ജീവനക്കാരെയും തല്ലി. അതുകൊണ്ടും കലിതീരാതെ മൂന്നാമതും പെട്രോൾ പമ്പിൽ അഞ്ചംഗ സംഘമായി എത്തിയ ഇവർ ആക്രമണം അഴിച്ച് വിടുകയായിരുന്നു. അടി കൊണ്ട ജീവനക്കാർ ജീവഭയത്താൽ സൂപ്പർ വൈസറുടെ മുറിയിലേക്ക് ഓടിക്കയറി.പിന്നാലെ പോയ അക്രമി സംഘത്തിലൊരാൾ മാനേജറുടെ മുറിയിലെ വാതിൽ പിടിച്ചുവലിച്ചതോടെ ചില്ല് പൊട്ടി നിലത്തു വീണു. സൂപ്പർ വൈസർ രാജേഷിന്‍റെ മുഖത്ത് ചില്ല് തറച്ചു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാജേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അക്രമം നടത്തി രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സിസി ടിവി ദൃശ്യങ്ങളിൽ നിന്നും ഒരാളെ തിരിത്തറിഞ്ഞതായാണ് സൂചന. ഇവർ ഇതിനു മുൻപും പല ക്രിമിനൽ കേസുകളിലും പ്രതികളാണെന്ന്മെഡിക്കൽ കോളേജ് പൊലീസ് വ്യക്തമാക്കുന്നു.അതേസമയം, പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ തലവൻ കൊപ്പാറ ബിജുവും സംഘവും ആലപ്പുഴയിൽ അറസ്റ്റിലായി. അമ്പലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ എസ് ദ്വിജേഷും സംഘവുമാണ് ഇവരെ പിടികൂടിയത്. മാവേലിക്കര തഴക്കര പഞ്ചായത്ത് 15-ാം വാർഡിൽ അറുനൂറ്റിമംഗലം മുറിയിൽ മാധവം വീട്ടിൽ ബിജു (കൊപ്പാറ ബിജു -42), മാവേലിക്കര പഞ്ചായത്ത് 12-ാം വാർഡിൽ കുറത്തികാട് കാരോലിൽ വീട്ടില്‍ ബിനു (42), മാന്നാർ ചെന്നിത്തല പഞ്ചായത്ത് എട്ടാം വാർഡിൽ ചെറുകോൽ മുറിയിൽ കുറ്റിയാറ കിഴക്കേതിൽ വീട്ടിൽ ജിജോ വർഗീസ് (35) എന്നിവരാണ് പിടിയിലായത്.