മലയാളത്തിന് ലഭിച്ച എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നാണ് 'നിനക്കായ്' എന്ന ആൽബം. 20-ാം വയസ്സിലാണ് സംഗീതസംവിധായകനായി ബാലഭാസ്കർ സംഗീതലോകത്തേക്കെത്തുന്നത്. ഈസ്റ്റ്കോസ്റ്റ് വിജയൻ രചിച്ച് 1998ൽ പുറത്തിറങ്ങിയ 'നിനക്കായ്' പ്രണയ ആൽബത്തിലെ നിനക്കായ് തോഴീ (നിനക്കായ് ദേവീ) പുനർജനിക്കാം എന്ന പാട്ടിലൂടെയാണ് ബാലഭാസ്കർ ശ്രദ്ധേയനാകുന്നത്. അതേവർഷം ഇറങ്ങിയ 'മംഗല്യപല്ലക്ക്' സിനിമയിലെ ഗാനത്തിനും സംഗീതം പകർന്നു. വിനോദ് റോഷൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കാണ് ബാലഭാസ്കർ ഈണമിട്ടത്.കണ്ണാടി കടവത്ത്, മോക്ഷം തുടങ്ങിയ സിനിമകൾക്കും സംഗീതം പകർന്നു. യേശുദാസ്, ജയചന്ദ്രൻ, ശ്രീകുമാർ, വേണുഗോപാൽ, ജയൻ (ജയവിജയ), ചിത്ര, മഞ്ജരി, ജ്യോത്സ്ന, രാധികാ തിലക് തുടങ്ങിയ ഗായകരെല്ലാം ബാലഭാസ്കറിന്റെ ഈണത്തിന് ശബ്ദമേകി. അഞ്ച് സിനിമകളിലായി മുപ്പതോളം പാട്ടുകൾക്കും 15ലേറെ ആൽബങ്ങൾക്കും ബാലു സംഗീതം നൽകിയിട്ടുണ്ട്.2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത് ബാലഭാസ്കർ കുടുംബവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടുവെന്നും മകൾ മരിച്ചുവെന്നുമുള്ള വാർത്ത അറിഞ്ഞുകൊണ്ടാണ്. ഈണവും താളവും മുറിയാതെ ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ട് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്കറിന്റെ മരണവാർത്ത പുറത്തുവരികയായിരുന്നു. അഞ്ചു വർഷം പിന്നിടുകയാണ് സംഗീത ലോകത്തിന് പ്രിയപ്പെട്ട ബാലുവിന്റെ കണ്ണീർ ഓർമ്മകൾക്ക്.