കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൈപിടിച്ച് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ച് മലമ്പുഴയിൽ നിന്നുള്ള കുരുന്നുകൾ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി-ജംഷഡ്‌പൂർ മത്സരത്തില്‍ താരങ്ങളെ ഗ്രൗണ്ടിലേക്കു കൈപിടിച്ച് ആനയിക്കാന്‍ മലമ്പുഴ ആശ്രമം സ്കൂളിലെ കുരുന്നുകൾ കൊച്ചിയിൽ എത്തി. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിലെ വിദ്യാർത്ഥികളാണ് താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്.പട്ടിക ജാതി, പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണൻ മത്സരവേദിയിൽ മുഖ്യാഥിതിയായിരുന്നു. വെള്ളിയാഴ്ച കൊച്ചിയിൽ എത്തിയ വിദ്യാർത്ഥികൾ മെട്രോ യാത്രയും നഗരകാഴ്ചകളും വിവിധ രുചികളും ആസ്വദിച്ച് നഗരം ചുറ്റിക്കണ്ടു. സ്കൂൾ പ്രിൻസിപ്പളും അധ്യാപകരുമാണ് ആറുവയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള ഇരുപത്തിരണ്ട് പട്ടിക വർഗ വിദ്യാർത്ഥികൾക്ക് ഒപ്പം എത്തിയത്. ഫുട്ബോൾ താരങ്ങളുടെ കൈപിടിച്ച് കളിക്കളത്തിലേക്ക് നയിച്ചതിച്ചിന്റെ അഭിമാനത്തിൽ അവർ തിരികെ മലമ്പുഴയിലേക്ക് മടങ്ങും.“ആരാലും ശ്രദ്ധിക്കപെടാത്ത കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ ചേർത്തുപിടിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്സ് പോലുള ക്ലബ്ബിന്റെ താരങ്ങൾക്കൊപ്പം ഞങ്ങളുടെ കുട്ടികൾ കൈപിടിച്ച് നടന്നത് സ്വപ്നതുല്യമായ നേട്ടമാണ്” പട്ടിക വികസന വകുപ്പിന്റെയും എറണാകുളം ജില്ലയുടെയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനൂപ് ആർ പറഞ്ഞു.