*ഗാസ ആശുപത്രി ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ; നിഷ്ഠൂര കൂട്ടക്കൊലയെന്ന് ഖത്തർ*

ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രണണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 500 പിന്നിട്ടു. ആയിരങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പാലസ്തീൻ. എന്നാൽ വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാ​ദം

ആക്രമണം അതീവ ദുഃഖകരമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജോ ബൈഡനുമായുള്ള ചർച്ചകൾ പലസ്തീൻ പ്രസിഡന്റ് മഹ്ബൂദ് അബാസ് റദ്ധാക്കി. അമേരിക്കൻ പ്രസിഡന്റുമായുള്ള ചർച്ചകൾ നീട്ടിവെച്ചതായി വ്യക്തമാക്കി ജോർദ്ദാൻ വിദേശകാര്യ മന്ത്രാലയവും വാർത്താകുറിപ്പ് പുറത്തിറക്കി.‌ ജോ ബൈഡന്റെ ജോർദ്ദാൻ സന്ദർശനം റദ്ധാക്കിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. അറബ് രാജ്യങ്ങൾക്കിടയിലും ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും മൂന്ന് ദിവസത്തെ ദുഃ ഖാചരണം പ്രഖ്യാപിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം യുദ്ധക്കുറ്റമെന്ന് ആരോപിച്ച് ജോർദ്ദാൻ രം​ഗത്തെത്തി. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തർ വിശേഷിപ്പിച്ചത്. പലസ്തീന് 100 മില്യൺ ഡോളറിന്റെ അടിയന്തിര സഹായം ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ചു. സൈനിക നടപടികൾ നിർത്തിവെയ്ക്കണമെന്നും ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ഇസ്രയേലിൽ എത്തും
ഗാസയിലെ ആശുപത്രിയിലും യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിലുമാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. മധ്യ ഗാസയിലെ അല്‍ അഹ്‌ലി അറബ് ഹോസ്പിറ്റലിലും ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അല്‍ മഗ്ഹാസി അഭയാര്‍ത്ഥി ക്യാമ്പിലുമാണ് ആക്രമണം നടന്നത്. മുന്നറിയിപ്പ് നല്‍കാതെയാണ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ നൂറുകണക്കിന് ഗാസക്കാരായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ ഇതുവരെ 3000 പിന്നിട്ടു. ഇതില്‍ 1000ത്തിലേറെയും കുട്ടികളാണ്. ഹമാസ് ആക്രമണത്തില്‍ 1400 ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്