ഗൂഗിൾ മാപ്പ് ഇല്ലാതെ കാലത്ത് എന്ത് യാത്ര. പക്ഷേ ശ്രദ്ധിക്കണം ഗൂഗിൾ മാപ്പിനും വഴിതെറ്റിയേക്കാം

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ.  

ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു. 

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ : 

🚫 വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല. 

🚫 മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല. 

🚫 തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നയിച്ചേക്കാം. എന്നാൽ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.

🚫 അപകട സാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. 

🚫രാത്രികാലങ്ങളിൽ GPS സിഗ്‌നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്. 

🚫 സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മന:പൂർവ്വമോ അല്ലാെതയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. 

🚫 സിഗ്‌നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.  

🚫 മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്ന് വച്ചാൽ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.   

🚫 ഒരു സ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം. 

🚫 വഴി തെറ്റിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചു തരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.

🚫 ഗതാഗത തടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്‌ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്‌ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്നം റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാർക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.

അത്യാവശ്യം വന്നാൽ 112 എന്ന പോലീസ് കൺട്രോൾ റൂമിൽ വിളിക്കാൻ മറക്കേണ്ട.
ശുഭയാത്ര.. സുരക്ഷിതയാത്ര.

#keralapolice