വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനായി ചൈനീസ് കപ്പലിൽ കൊണ്ടുവന്ന ക്രെയിനുകൾ തുടർച്ചയായ രണ്ടാംദിവസവും ഇറക്കാനായില്ല. കപ്പൽ ജീവനക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതാണ് പ്രധാന തടസം. ക്യാപ്ടനുൾപ്പെടെ കപ്പലിലെ 30 ജീവനക്കാരും ചൈനക്കാരാണ്. ക്രെയിൻ ഇറക്കാൻ ഇവരുടെ സഹായം കൂടി വേണം.എമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാത്തതിനാൽ ഇവർക്ക് കപ്പലിൽനിന്ന് പുറത്തിറങ്ങാൻ പറ്റിയിട്ടില്ല. ക്രെയിൻ നിർമ്മിച്ച കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാരും തുറമുഖത്തെത്തിയിട്ടുണ്ട്. കാലാവസ്ഥയാണ് ക്രെയിൻ ഇറക്കുന്നതിലെ മറ്റൊരു ഘടകം. എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് വൃത്തങ്ങൾ പറഞ്ഞു. മൂന്ന് ക്രെയിനുകൾ ഇറക്കാനുള്ള തയ്യാറെടുപ്പുകൾ തിങ്കളാഴ്ച പൂർത്തിയാക്കിയിരുന്നു.വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15ന് ഗംഭീര സ്വീകരണമാണ് നൽകിയത്. വാട്ടർ സല്യൂട്ടോടെയാണ് കപ്പൽ തുറമുഖത്ത് അടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകിയത്. ചടങ്ങിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ രാഷ്ട്രീയ, മത, സാമുദായിക നേതാക്കളും പങ്കെടുത്തിരുന്നു.അതേസമയം, വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തിയപ്പോൾ സംസ്ഥാന- കേന്ദ്ര സർക്കാരുകൾക്ക് കിട്ടിയത് 30 കോടിയുടെ വരുമാനമാണ്. ഇവിടെ എത്തിച്ച ക്രെയിനുകളുടെ വിലയുടെ 18 ശതമാനം ജി.എസ്.ടി എന്ന നിലയ്ക്കാണ് ഇത്രയും വരുമാനം ലഭിച്ചത്. ഇന്നലെ 30 കോടി രൂപ നികുതിയിനത്തിൽ ട്രഷറിയിൽ അടച്ചു.