തിരുവനന്തപുരം: ഇംഗ്ലണ്ടിനെതരായ ലോകകപ്പ് സന്നാഹ മത്സരം മഴ കൊണ്ടുപോയതിന് പിന്നാലെ ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും മഴ മുടക്കുമെന്നുറപ്പായി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ട ഇന്ത്യ-നെതര്‍ലന്‍ഡ്സ് രണ്ടാം സന്നാഹ മത്സരം മഴമൂലം ടോസ് പോലും സാധ്യമാവാതെ വൈകുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ തുടരുന്ന മഴ ഇന്ന് രാവിലെയോടെ കനത്തു. ഇതോടെ മത്സരം നടക്കാനുള്ള സാധ്യതയും മങ്ങി.മഴ മാറിയാലും ഗ്രൗണ്ട് മത്സര സജ്ജമാക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്നതിനാല്‍ നിശ്ചയിച്ച സമയത്ത് എന്തായാലും മത്സരം തുടങ്ങാനുള്ള സാധ്യത വിരളമാണ്. ഉച്ചയോടെ മഴ മാറിയാലും ഓവറുകള്‍ വെട്ടിക്കുറച്ചെങ്കിലും മത്സരം നടത്താനാവുമോ എന്നാണ് സംഘാടകര്‍ ഉറ്റുനോക്കുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മികച്ച ഡ്രെയിനേജ് സംവിധാനമുണ്ടെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നാല്‍ മത്സരം നടത്തുക ബുദ്ധിമുട്ടാവും.ഞായറാഴ്ച തലസ്ഥാനത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഉച്ചക്ക് ശേഷം പരിശീലനത്തിന് ഇറങ്ങിയിരുന്നു.അതേസമയം, ഹൈദരാബാദില്‍ നടക്കുന്ന പാകിസ്ഥാനെതിരായ സന്നാഹ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 345 റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ തോല്‍വി വഴങ്ങി. ഓസ്ട്രേലിയ ആകട്ടെ കാര്യവട്ടത്ത് നെതര്‍ലന്‍ഡ്സിനെതിരായ സന്നാഹമത്സരം കളിച്ചെങ്കിലും മഴമൂലം പൂര്‍ത്തിയാക്കാനായില്ല. പാക് ടീമില്‍ ഇന്ന് ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനുമില്ല, ഷദാബ് ഖാനാണ് ഇന്ന്ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനുമില്ല, ഷദാബ് ഖാനാണ് ഇന്ന് പാകിസ്ഥാനെ നയിക്കുന്നത്. ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് ഷദാബ് പറഞ്ഞു.
അഫ്ഗാന്‍-ശ്രീലങ്ക പോരാട്ടത്തിനും മഴ ഭീഷണി
ഗുവാഹത്തിയില്‍ നടക്കുന്ന അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിലും മഴ മൂലം ടോസ് വൈകുകയാണ്. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കക്കെതിരായ ആഫ്ഗാന്‍റെ ആദ്യ സന്നാഹ മത്സരം മഴ കൊണ്ടുപോയപ്പോള്‍ ശ്രീലങ്ക ആദ്യ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റിരുന്നു.