മുതലപ്പൊഴിയിലെ തുടര്‍ അപകടങ്ങള്‍; പഠിക്കാനായി പ്രത്യേകസംഘമെത്തി

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖത്ത് അപകടങ്ങള്‍ ഉണ്ടാകുന്നത് പരിശോധിച്ച് പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി, സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്ന് മുതല്‍ പത്ത് ദിവസങ്ങളിലായി നദീമുഖത്തെ ഒഴുക്ക്, തിരമാലകളുടെ ശക്തി, റിവര്‍ ഡിസ്ചാര്‍ജ് തുടങ്ങിയ ഡാറ്റ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും. സ്ഥലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ വിലയിരുത്തിയെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെടുന്ന സംഭവം തുടര്‍ക്കഥകളാവുകയാണ്. കഴിഞ്ഞദിവസവും മുതലപ്പൊഴിയിലുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലില്‍പോക്ക് പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുലിമൂട്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അശാസ്ത്രീയ രീതിയിലുള്ള നിര്‍മ്മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കാണിച്ചാണ് മത്സ്യത്തൊഴിലാളികള്‍ പ്രതികരിച്ചത്