ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു; വടകര സ്വദേശിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ

വടകര സ്വദേശിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു. വടകര മയ്യന്നൂർ സ്വദേശി ഇബ്രാഹിമിനാണ് പണം നഷ്ടമായത്. സംഭവത്തിൽ വടകര പോലീസ് അന്വേഷണം തുടങ്ങി. എസ്ബിഐ വില്യാപ്പള്ളി ശാഖയിലെ അക്കൗണ്ടിൽ നിന്ന് 99,999 രൂപയും ബാങ്ക് ഓഫ് ബറോഡയുടെ വടകര അടക്കാതെരുവ് ശാഖ അക്കൗണ്ടിൽ നിന്ന് 99,999 രൂപയുമാണ് നഷ്ടമായത്.ഞായറാഴ്ച ഉച്ചയ്ക്ക് 1.57നാണ് എസ്ബിഐ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി ഇബ്രാഹിമിന് ഫോണിൽ മെസേജ് വന്നത്. 2.15 ഓടെ മെസേജ് ശ്രദ്ധയിൽപ്പെട്ടു ഇതേ സമയത്ത് തന്നെ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും പണം പിൻവലിച്ചതായുളള മെസേജും വന്നിരുന്നു. ഹാക്കിംഗ് വഴിയാണ് ഇരു ബാങ്കുകളിൽ നിന്നും പണം നഷ്ടമായത്. മെസേജിൽ ആക്സിസ് ബാങ്ക് വഴി പണം പിൻവലിച്ചതായി കാണിക്കുന്നുണ്ട്.പണം നഷ്ടമായ ഉടൻ, വിവരം സൈബർ പൊലീസിലും ബാങ്ക് അധികൃതരെയും അറിയിച്ച് അക്കൗണ്ടുകൾ മരവിപ്പിച്ചു. പണം ക്രെഡിറ്റായ ആക്സിസ് ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. ഇതിൽ 65000 രൂപ ബാലൻസ് കണ്ടെത്തിയതായി ഇബ്രാഹിമിന് വിവരം ലഭിച്ചു. സംഭവത്തിൽ വടകര പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. ഗൂഗിൾ പേ ഉപയോഗിച്ചാണ് ഇബ്രാഹിം പണമിടപാടുകൾ നടത്തിയിരുന്നത്. എടിഎം കാർഡ് ഉണ്ടെങ്കിലും അപൂർവമായി മാത്രമേ കാർഡ് ഉപയോഗിക്കാറുള്ളൂ എന്നും ഇബ്രാഹിം പറഞ്ഞു.