സ്‌കോളര്‍ഷിപ്പോടെ ഷിപ്പ് യാര്‍ഡില്‍ പഠനം; അസാപ്പ് കേരള മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിന് തുടക്കം

അസാപ്പ് കേരള സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജുകളുമായി സഹകരിച്ച് നടത്തുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിന്റെ ജില്ലാതല ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സോണില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിലാണ് കോഴ്‌സ് നടക്കുക. തുടര്‍ന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന പരിശീലനവും ലഭിക്കും. എന്‍.സി.വി.ടിയും അസാപും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ക്ക് ലഭിക്കും. കോഴ്‌സിന് ചേരുന്ന 75 ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂനപക്ഷ വകുപ്പ് സ്‌കോളര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്. 
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സിനി മോള്‍ കെ.ജി അധ്യക്ഷത വഹിച്ചു. അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.