തിരുവനന്തപുരത്ത് പ്രഭാത ഭക്ഷണം ഇനി പൊള്ളും; അരി മാവിന് വില കൂടി

തിരുവനന്തപുരം: ദോശ മാവിന്റേയും അപ്പം മാവിന്റേയും വിലയില്‍ വര്‍ധന. അഞ്ച് രൂപ മുതല്‍ 10 രൂപവരെയാണ് കൂടിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതലാണ് അരിമാവിൻ്റെ വിലയിൽ വർധനയുണ്ടായിരിക്കുന്നത്. അരിയുടേയും ഉഴുന്നിൻ്റേയും വില വര്‍ധിച്ചതിനാലാണ് അരിമാവിൻ്റെ വിലകൂട്ടിയതെന്നാണ് ഉത്പാദകര്‍ പറയുന്നത്.കിലോയ്ക്ക് 100 രൂപയുണ്ടായിരുന്ന ഉഴുന്നിൻ്റെ വില 140 രൂപയായി ഉയർന്നിട്ടുണ്ട്. അപ്പത്തിനും ദോശമാവിനും ഉപയോഗിക്കുന്ന അരി 22 രൂപയിൽ നിന്ന് 40 രൂപയായുമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് വില കൂട്ടിയത്. അരി മാവിൻ്റെ വില വർധന തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രധാനമായും ഓഫീസ് ജോലികൾ ചെയ്യുന്നവരാണ് ഇത്തരം ഇൻസ്റ്റൻ്റ് അരിമാവുകളെ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഇൻസ്റ്റൻ്റ് അരിമാവുകൾ വാങ്ങുന്നതാണ് പതിവ് രീതി. ഏറ്റവും കൂടുതൽ അരിമാവുകൾ വാങ്ങുന്ന വരും നഗരത്തിലുള്ളവരാണ്. അരിമാവിൻ്റെ വില വർധന തിരുവനന്തപുരത്തെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് ഒരു ദിവസം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ അരിമാവ് വിൽപ്പന നടക്കുന്നുണ്ടെന്നാണ് ഉത്പാദാക്കൾ പറയുന്നത്. ഏകീകൃതമായ വിലയിലേക്ക് പോകുന്നതിനുള്ള സാധ്യത കാണുന്നില്ല. ബ്രാൻഡ് വാല്യവുനനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. ബാംഗ്ലൂരുവിൽ നിന്ന് വലിയ ഉത്പാദകർ ഉണ്ടാകുന്ന മാവിന് 70 രൂപയാണ് കിലോയ്ക്ക് ഈടാക്കുന്നത്. പ്രാദേശികമായി ഉണ്ടാക്കുന്ന ദോശമാവ് 40 രൂപയ്ക്ക് ലഭിക്കും.