കനത്ത മഴ, ഓറഞ്ച് അലർട്ട് തിരുവനന്തപുരത്ത് ! ഡാമുകൾ നിറയുന്നു, മുന്നറിയിപ്പ് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മണിക്കൂറുകളായി വ്യാപക മഴ തുടരുന്നു. പുതുക്കിയ കാലാവസ്ഥാ അറിയിപ്പനുസരിച്ച് കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിലെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിക്കുന്നത്.തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ വിവിധ നദികളില്‍ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജല കമ്മീഷന്‍ അറിയിച്ചു. തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷന്‍, പത്തനംതിട്ട അച്ചന്‍കോവില്‍ നദിയിലെ തുമ്പമണ്‍ സ്റ്റേഷന്‍, മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ തീരങ്ങളില്‍ ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജല കമ്മീഷന്‍ ആവശ്യപ്പെട്ടു.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആലപ്പുഴയിലെ അപ്പർകുട്ടനാടൻ മേഖലകളിൽ വെള്ളം കയറിത്തുടങ്ങി. ചില താഴ്ന്ന പ്രദേശങ്ങള്‍ നിലവിൽ വെള്ളക്കെട്ടിലാണ്. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. കുട്ടനാട്ടില്‍ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു. കിഴക്കന്‍ വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. 

തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിനും അതിനോട് ചേർന്ന വടക്കൻ ഛത്തിസ്ഗഡിനും മുകളിൽ ന്യൂനമർദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസവും മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.