കൊച്ചിയിൽ ഇരുപത്തിനാലുകാരൻ ഗുരുതരാവസ്ഥയിൽ; ഷവർമ കഴിച്ചിരുന്നു,ഭക്ഷ്യവിഷബാധയെന്ന് സംശയം

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ഇരുപത്തിനാലുകാരൻ ഗുരുതരാവസ്ഥയിലായതായി പരാതി. കോട്ടയം പാലാ സ്വദേശിയായ രാഹുലാണ് കാക്കനാടുള്ള ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി കാക്കനാട് മാവേലിപുരത്തെ ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ ഷവർമ കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത് എന്നാണ് പരാതി.

ഗുരുതരാവസ്ഥയിലായ രാഹുലിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങൾ തകരാറിലായി. രണ്ട് തവണ ഹൃദയാഘാതവുമുണ്ടായി. ഭക്ഷ്യവിഷബാധയാണോ എന്ന് പരിശോധിക്കുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം തുടങ്ങി. ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. നഗരസഭ ഹോട്ടൽ പൂട്ടിച്ചു.