കഠിനംകുളം കായലിൽ വളളം മറിഞ്ഞ് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. ചാന്നാങ്കര കണ്ടവിള സ്വദേശി ബാബു (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് നാലുപേർ സഞ്ചരിച്ച വള്ളം കായലിൽ മറിഞ്ഞത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടിരുന്നു.ഇന്ന് രാവിലെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടത്തു നിന്ന് ഫയർഫോഴ്സ് സംഘവും സ്കൂബാ ടീമും രാത്രിയിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് രണ്ട് ചെറിയ വള്ളങ്ങളിലായി ആറംഗ സംഘം നിർമ്മാണം നടക്കുന്ന ചാന്നാംകരയിലെ പുതിയ ബോട്ട്ജെട്ടിയിൽ നിന്ന് യാത്ര തിരിച്ചത്. ഒരു വള്ളത്തിൽ 4 പേരും രണ്ടാമത്തെ വള്ളത്തിൽ 2 പേരുമാണ് ഉണ്ടായിരുന്നത്.
ബോട്ട് ജെട്ടിയിൽ നിന്ന് അരകിലോമീറ്റർ മാറി കായലിൽ വള്ളത്തിലിരുന്ന് വലയിടുന്നതിനിടയിൽ ശക്തമായ കാറ്റിൽ 4 പേർ കയറിയ വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് മൂന്നുപേർ നീന്തി രക്ഷപ്പെടുന്നതിനിടയിൽ ഒപ്പമുണ്ടായിരുന്ന ബാബു കായലിലെ ചെളിക്കുണ്ടിൽ താഴ്ന്നു പോവുകയായിരുന്നു. കണ്ടവിള സ്വദേശി സജീവ്, അരിയോട്ടുകോണം സ്വദേശികളായ സന്തോഷ്, പ്രവീൺ എന്നിവരാണ് രക്ഷപ്പെട്ടത്.