മുനമ്പത്ത് ഫൈബർ വള്ളം മുങ്ങി കാണാതായ നാലാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

കൊച്ചി : മുനമ്പത്ത് ഫൈബർ വള്ളം മുങ്ങി കാണാതായ നാലാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ സ്വദേശി രാജു(56) എന്ന യേശുദാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാലിപ്പുറം പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മുനമ്പം അഴിമുഖത്തിന് അടുത്ത് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നുപേർ രക്ഷപ്പെടുകയും നാലു പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവരിൽ മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ ശരത്, മോഹനൻ, ഷാജി എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഏഴ് പേരുണ്ടായിരുന്ന വള്ളത്തിൽ നിന്ന് മൂന്ന് പേരെ വ്യാഴാഴ്ച രാത്രി തന്നെ രക്ഷപ്പെടുത്തിയിരുന്നു.