സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് ജാഗ്രത.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഓറ‍ഞ്ച് ജാഗ്രതയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്നും നാളെയും തെക്കന്‍ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രിവരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കര്‍ഷകര്‍ക്ക് കണ്‍ട്രോള്‍ റൂമുകളിലെ നമ്പരുകളില്‍ നേരിട്ട് ബന്ധപ്പെടാം. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കിലെ മാമം അംഗന്‍വാടിയില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ ആകെ 43.57 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായതാണ് വിലയിരുത്തല്‍.