*ബിപിഎൽ കാർഡിൽ നിന്നും റേഷൻ ആനുകൂല്യങ്ങൾ വാങ്ങുന്ന അനർഹരെ കണ്ടെത്തി ഒഴിവാക്കാൻ റേഷൻകടതല വിജിലൻസ് കമ്മറ്റിയിൽ തീരുമാനം*

ആറ്റിങ്ങൽ: നഗരസഭാതല റേഷൻകട വിജിലൻസ് കമ്മറ്റിയിലാണ് മുൻഗണന കാർഡിൽ നിന്നും അനർഹരായവരെ കണ്ടെത്തി ലഭിക്കുന്ന റേഷൻ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്. അതേസമയം അർഹരായവർ മുൻഗണന കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടൊ എന്നും പരിശോധിക്കും. അർബുദം, ഡയാലിസിസ് തുടങ്ങിയ മാരകരോഗങ്ങളുള്ളവരെ ബിപിഎൽ ഉപഭോക്‌താക്കളാക്കാൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് മുൻഗണന നൽകുന്നത്. ഇതിനായി അർഹരായവർക്ക് ഒക്ടോബർ 30 വരെ അപേക്ഷ നൽകാവുന്നതാണ്. നഗരത്തിൽ പ്രവർത്തിക്കുന്ന 20 റേഷൻ കടകളിലെയും 150 ഓളം വരുന്ന വിജിലൻസ് കമ്മറ്റി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. നഗരസഭാ കൗൺസിൽ ഹാളിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, സപ്ലൈ ഓഫീസർ എസ്.ഗീത, റേഷനിംഗ് ഇൻസ്പെക്ടർ സുജ, വൈന്യൂ ഇൻസ്പെക്ടർമാരായ അജിത്ത്, ലത, സാഹിത, വില്ലേജ് ഓഫീസർ മുഹമ്മദ് സലിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ രെജി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ രവികുമാർ, രാഖി, റാഫി, സലീന തുടങ്ങിയവർ പങ്കെടുത്തു.