*വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ പുറംകടലിലെത്തി*

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ കേരളാ തീരത്തെത്തി. ഇന്ന് രാവിലെയോടെയാണ് കപ്പൽ പുറംകടലിലെത്തിയത്. 15നാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ ആറിനാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവാ-15 ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് കേരള തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്. ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31ന് യാത്ര തുടങ്ങിയ കപ്പൽ 29നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത്. മുന്ദ്രയിലേക്കുള്ള ക്രെയ്നുകൾ ഇറക്കുന്ന ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായതോടെയാണ് കപ്പല്‍ വിഴിഞ്ഞത്തേക്കുള്ള യാത്ര തുടങ്ങിയത്. ചൈനയില്‍നിന്നും ക്രെയിനുകളുമായാണ് ഷെന്‍ഹുവാ -15 എത്തുന്നത്.
 കപ്പലിനെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള ടഗ്ഗുകൾ കഴിഞ്ഞ ദിവസങ്ങളിൽ തുറമുഖത്ത് എത്തിച്ചിരുന്നു. 15ന് വൈകിട്ട് നാലിന് നടക്കുന്ന സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുള്ളവർ പങ്കെടുക്കും.