ശിവഗിരിയില്‍ നവരാത്രിദീപം തെളിഞ്ഞു.

ശിവഗിരിയില്‍ നവരാത്രിദീപം തെളിഞ്ഞു. സിനിമാതാരം ഇന്ദ്രന്‍സ് നവരാത്രി ദീപം തെളിച്ചുകൊണ്ട് 24 വരെ തുടരുന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ശിവഗിരി മഠത്തിന്‍റെ ശ്രീശാരദാംബ പുരസ്ക്കാരം ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍ നിന്നും ഇന്ദ്രന്‍സ് സ്വീകരിച്ചു. തന്‍റെ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന അംഗീകാരമായും ലഭ്യമാകുന്ന കഥാപാത്രങ്ങളുടെ സ്വഭാവമാണ് ഒരു മികച്ച നടനെ രൂപപ്പെടുത്തുന്നതെന്നും ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു.  
സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു.പൗരാണിക ക്ഷേത്ര സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യതിചലിച്ചായിരുന്നു ഗുരുദേവന്‍ ക്ഷേത്ര പ്രതിഷ്ഠകള്‍ നിര്‍വ്വഹിച്ചതെന്ന് സ്വാമി പറഞ്ഞു. ശാരദാ പ്രതിഷ്ഠയും മണ്ണന്തല ദേവീ പ്രതിഷ്ഠയുമൊക്കെ പൗരാണിക ക്ഷേത്ര സങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതായി കാണാനാകും.അറിവിലൂടെ മാത്രമേ ജീവിത മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാനാവൂ എന്നും ഗുരുദേവന്‍ പഠിപ്പിച്ചു.ശിവഗിരിയില്‍ വിദ്യാദേവതാ സങ്കല്‍പ്പത്തിലാണ് ശാരദാദേവിയെ ഗുരുദേവന്‍ പ്രതിഷ്ഠിച്ചതെന്നും ശുഭാംഗാനന്ദ സ്വാമി പറഞ്ഞു.മേജര്‍ ഡോ. വിശ്വനാഥന്‍ രചിച്ച നാരായണം കൃതി ഇന്ദ്രന്‍സിന് നല്‍കി ശുഭാംഗാനന്ദ സ്വാമി പ്രകാശനം ചെയ്തു.ഗായിക അപര്‍ണ്ണാരാജിന് ഇന്ദ്രന്‍സ് പുരസ്ക്കാരം നല്‍കി.ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.ആഘോഷകമ്മിറ്റി കണ്‍വീനര്‍ സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ എന്നിവരും സംബന്ധിച്ചു.സ്വാമി വിരജാനന്ദ ഗിരി കലാപ്രതിഭകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.അപര്‍ണ്ണാരാജ് ഗുരുദേവ സംഗീതാര്‍ച്ചനയും ആലപ്പി രമണന്‍ ചണ്ഡാലഭിക്ഷുകി കഥാപ്രസംഗവും ഇന്ദ്രജ രമേശ്, ശ്രീഭദ്ര ചാത്തന്നൂര്‍ എന്നിവര്‍ ഭരതനാട്യവും തൃക്കോതമംഗലം അദ്വൈതകലാവേദിയും വേളൂര്‍ ഗുരുകുലം സമിതിയും കൈകൊട്ടിക്കളിയും, മൂകാംബിക ദേവ ഗായകന്‍ പ്രേംജി കെ. ഭാസി ഇത്തിത്താനം സംഗീത കച്ചേരിയും അവതരിപ്പിച്ചു.