ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയും ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "തിരികെ സ്കൂളിലേക്ക്"എന്ന പരിപാടി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ആകെ 303 അയൽക്കൂട്ടങ്ങളിലെയും 445 ഓളം അംഗങ്ങളാണ് പഠനത്തിനായി ക്ലാസ് മുറികളിലെത്തിയത്. കഴിഞ്ഞ ആഴ്ച്ച നടന്ന ദ്വദിന പരിശീലനത്തിൽ പങ്കെടുത്ത ആർ.പി മാരാണ് 6 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. ഒക്ടോബർ 1, 8 തീയതികളിൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലും, 14, 15 തീയതികളിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും, 22, 28 തീയതികളിൽ ആലംകോട് എൽപി സ്കൂളിലുമായാണ് പരിശീലനം പൂർത്തിയാവുന്നത്. കാൽ നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്ന വിഷയങ്ങൾ പഠനത്തിന് വിധേയമാവും രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച അസംബ്ലിക്ക് ശേഷം പഠന പുസ്തകവുമായി പ്രവർത്തകർ ക്ലാസ് മുറികളിലേക്ക് പ്രവേശിച്ചു. വൈകുന്നേരം 4 മണി വരെ നീളുന്ന പരിശീലനത്തിന് ബാഗും, കുടയും, ഉച്ചഭക്ഷണവുമായി അച്ചടക്കമുള്ള കുട്ടികളെ പോലെയാണ് ഓരോ അംഗങ്ങളും "തിരികെ സ്കൂളിലേക്ക്" എത്തിയത്. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻ എ.നജാം, സിഡിഎസ് ചെയർപേഴ്സൺ എ.റീജ, ജില്ലാമിഷൻ പ്രതിനിധികൾ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.