ബാറ്റിം​ഗ് വെടിക്കെട്ട്; ഹിറ്റ്മാന്റെ താണ്ഡവം; അഫ്​ഗാനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് രണ്ടാം ജയം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. അഫ്​ഗാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്റെ 273 റൺസ് വിജയലക്ഷ്യം അനയാസം മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിം​ഗാണ് ഇന്ത്യയ്ക്ക് കൂറ്റൻ ജയം സമ്മാനിച്ചത്. രോഹിത് ശർമയുടെ (84 പന്തിൽ 131) അതിവേഗ സെഞ്ചുറി കരുത്തിൽ 35 ഓവറിൽ വിജയം പൂർത്തിയാക്കി.ഗംഭീര തുടക്കമാണ് രോഹിത്-കിഷൻ കൂട്ടുക്കെട്ട് ഇന്ത്യക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 156 റൺസ് കൂട്ടിചേർത്തു. 63 പന്തിലായിരുന്നു രോഹിത്തിന്റെ സെഞ്ചുറി. ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയായിരുന്നു രോഹിത് നേടിയത്. അഞ്ച് സിക്‌സും 16 ഫോറും ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. വിരാട് കോലി (പുറത്താവാതെ 55), ഇഷാൻ കിഷൻ (47) വിജയത്തിന് നിർണായ പിന്തുണ നൽകി.

19-ാം ഓവറിൽ കിഷൻ, റാഷിദ് ഖാന് വിക്കറ്റ് നൽകി. 47 പന്തുകൾ നേരിട്ട താരം രണ്ട് സിക്‌സും അഞ്ച് ഫോറും നേടിയിരുന്നു. റാഷിദ് ഖാന്റെ പന്തിൽ രോ​ഹിതും വീണു. അധികം വൈകാതെ കോലി – ശ്രേയസ് അയ്യർ (25) സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവറും 68 റൺസ് അടിച്ചേർത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമർസായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റ് നടിയ ജസ്പ്രിത് ബുമ്ര അഫ്ഗാൻ ബാറ്റർമാർക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.