പേരൂർക്കട: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം നടത്തിയ നാടോടി സ്ത്രീകൾ പൊലീസ് പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ ഗായത്രി (26), പ്രിയ (25), ഉഷ (36) എന്നിവരാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. ജനറല്‍ ആശുപത്രിക്ക് മുന്‍ ഭാഗത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇവരെ നാട്ടുകാരും സിറ്റി ഷാഡോ പൊലീസും തടഞ്ഞു വച്ച് പിങ്ക് പൊലീസിനു കൈമാറുകയായിരുന്നു. സ്ത്രീകളെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ എത്തിക്കുകയും സ്ത്രീകളുടെ കൈവശം തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ വഞ്ചിയൂര്‍ പൊലീസ് ഫിങ്കര്‍ പ്രിന്റ് ബ്യൂറോയുടെ സഹായത്താല്‍ ഇവരുടെ വിരലടയാളങ്ങൾ പരിശോധിക്കുകയുമായിരുന്നു.കൊല്ലം ഈസ്റ്റിൽ ഇവർക്കെതിരേ നിരവധി കേസുകൾ ഉണ്ട്. റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ സ്വർണമാലകൾ അപഹരിച്ച നിരവധി സംഭവങ്ങൾ ഇവർക്കെതിരേ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി വഞ്ചിയൂർ എസ്ഐ പറഞ്ഞു.തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളിലും ഇവർക്കെതിരെ മാല മോഷണം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ മൂവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.