ധരംശാല: ഏകദിന ലോകകപ്പിൽ ന്യുസിലൻഡിനെ അഞ്ച് റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ. അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് കിവിസ് കീഴടങ്ങിയത്. ടോസ് നേടിയ ന്യുസിലൻഡ് ബൗളിംഗ് ആണ് തിരഞ്ഞെടുത്തത്. തീരുമാനം തെറ്റിപ്പോയെന്ന് മനസിലാകാൻ അധിക സമയം വേണ്ടിവന്നില്ല. ഓസ്ട്രേലിയൻ ഓപ്പണറായി മടങ്ങിയെത്തിയ ട്രാവിസ് ഹെഡും ഒപ്പം ഡേവിഡ് വാർണറും തകർത്തടിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും 175 റൺസ് അടിച്ചെടുത്തു. ഇരുവരെയും പുറത്താക്കി ഗ്ലെൻ ഫിലിപ്പ്സ് ബ്രേയ്ക്ക് ത്രൂ നൽകി. പിന്നീട് ഇടയ്ക്കിടയ്ക്ക് ഓസ്ട്രേലിയൻ ബാറ്റർമാർ പവലയിനിലേക്ക് മടങ്ങിക്കൊണ്ടിരുന്നു.ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ 41ഉം ജോഷ് ഇംഗ്ളീസിന്റെ 38ഉം പാറ്റ് കമ്മിൻസിന്റെ 14 പന്തിലെ 37ഉം മിച്ചൽ മാർഷിന്റെ 36മെല്ലാം ചേർന്നപ്പോൾ ഓസ്ട്രേലിയ മികച്ച സ്കോറിലേക്കെത്തി. 49.2 ഓവറിൽ 10 വിക്കറ്റും നഷ്ടമായപ്പോൾ ഓസ്ട്രേലിയ 388 എന്ന സ്കോറിലെത്തി. 49-ാം ഓവറിൽ മൂന്ന് വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ട് ഓസ്ട്രേലിയയെ 400 കടത്തിയില്ല.
മറുപടി പറഞ്ഞ കിവിസും നന്നായി കളിച്ചു. രചിൻ രവീന്ദ്രയുടെ 116നൊപ്പം നിൽക്കുന്ന പ്രകടനങ്ങൾ മറ്റാരും പുറത്തെടുത്തിട്ടില്ല. അവസാന ഓവറുകളിൽ തകർത്തടിച്ച ജിമ്മി നീഷിം വിജയപ്രതീക്ഷ ഉണർത്തി. പക്ഷേ ലക്ഷ്യത്തിന് ആറ് റൺസ് അകലെ നീഷിം 58 റൺസുമായി റൺഔട്ടായി. അവസാന പന്തിൽ ആറ് റൺസ് നേടാൻ ലോക്കി ഫെർഗൂസന് കഴിയാതെ വന്നതോടെ ഓസ്ട്രേലിയ മത്സരം പിടിച്ചെടുത്തു.