ചെന്നൈ: ജിമ്മിലെ കഠിനമായ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു. തമിഴ്നാട്ടിലെ അമ്പട്ടൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ബോഡി ബില്‍ഡറും ജിമ്മിലെ പരിശീലകനുമായിരുന്ന യോഗേഷ് (41) ആണ് മരിച്ചത്. ഒന്‍പത് തവണ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ള അദ്ദേഹം 2022ല്‍ മിസ്റ്റര്‍ തമിഴ്നാട് പട്ടത്തിനും അര്‍ഹനായിരുന്നു.2022ല്‍ മിസ്റ്റര്‍ തമിഴ്നാട് കിരീടം ലഭിച്ച ശേഷം കഠിന വ്യായാമങ്ങളില്‍ നിന്ന് ഇടവേളയെടുത്ത യോഗേഷ് അടുത്ത മാസം നടക്കാനിരിക്കുന്ന ഒരു മത്സരത്തിന് വേണ്ടി വീണ്ടും പരിശീലനം തുടങ്ങിയതായിരുന്നു. കൊരട്ടൂരിലെ ഒരു ജിമ്മില്‍ പരിശീലകനായിരുന്ന അദ്ദേഹം മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ ജമ്മില്‍ സജീവമായിരുന്നു. രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാനെത്തിയ ഏതാനും പേര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ഒപ്പം അദ്ദേഹവും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്തു. ഒരു മണിക്കൂര്‍ നേരത്തെ വ്യായമത്തിന് ശേഷം താന്‍ ക്ഷീണിതനാണെന്നും സ്റ്റീം ബാത്ത് കഴിഞ്ഞ് വരാമെന്നും സഹപ്രവര്‍ത്തകരോട് പറഞ്ഞ ശേഷമാണ് ഫ്ലാറില്‍ നിന്ന് യോഗേഷ് ഇറങ്ങിയത്.എന്നാല്‍ അര മണിക്കൂറിന് ശേഷവും മടങ്ങി വരാതായപ്പോള്‍ സുഹൃത്തുക്കള്‍ക്ക് സംശയം തോന്നി. ബാത്ത്റൂം പരിശോധിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. വിളിച്ച് നോക്കിയിട്ടും പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറി. അപ്പോഴാണ് നിലത്ത് ബോധരഹിതനായി യോഗേഷ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഹൃദയാഘാതമാവാം മരണ കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.കഠിനമായി വര്‍ക്കൗട്ട് ചെയ്യുന്നവര്‍ അത് കഴിഞ്ഞ ഉടനെ സ്റ്റീം ബാത്ത് ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഠിനമായ നിര്‍ജലീകരണത്തിന് അത് വഴിവെക്കുമെന്നതാണ് കാരണം. അതേസമയം യോഗേഷിന്റെ മരണ കാരണം കൃത്യമായി മനസിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ നേരത്തെയുള്ള ആരോഗ്യ വിവരങ്ങള്‍ കൂടി അറിയേണ്ടതുണ്ടെന്ന് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു. കഠിനമായ വ്യായാമത്തിലൂടെ നേരത്തെയുണ്ടായിരുന്ന ഹൃദ്രോഗങ്ങള്‍ പെട്ടെന്ന് വഷളാവാന്‍ സാധ്യതയുണ്ട്. വ്യായമത്തിലൂടെ ശരീരം ക്ഷീണിച്ചിരിക്കുന്ന അവസരത്തില്‍ സ്റ്റീം ബാത്ത് ചെയ്യുന്നതിലൂടെ ശരീരത്തിന് കൂടുതല്‍ നിര്‍ജലീകരണം സംഭവിക്കുകയും അതിലൂടെ ശരീരത്തിലെ ലവണ സന്തുലിതാവസ്ഥ താളം തെറ്റുകയും ചെയ്യും. ഇത് ശ്വാസകോശത്തിലെ രക്തക്കുഴലില്‍ തടസം സൃഷ്ടിക്കുന്ന പള്‍മണറി എംബോളിസം എന്ന അവസ്ഥയ്ക്ക് കാരണമാവുകയും മരണം സംഭവിക്കുകയും ചെയ്യും. അമിതമായ സ്റ്റിറോയിഡ് ഉപയോഗവും ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്ന അവസ്ഥയിലേക്ക് നയിച്ച് മരണത്തിന് വഴിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.